കോലിയുമായി താരതമ്യം ചെയ്യരുത്; ധോനിയുടെ മെല്ലപ്പോക്കിനെ ന്യായീകരിച്ച് ബോളിങ് കോച്ച്

മാഞ്ചസ്റ്റര്‍:  ഇന്ത്യന്‍ മധ്യനിരയുടെ പ്രകടനത്തെ സംബന്ധിക്കുന്ന ചോദ്യങ്ങളോട് കാര്യമായി പ്രതികരിക്കാതെ ഇന്ത്യയുടെ ബോളിങ് കോച്ച് ഭരത് അരുണ്‍. പ്രധാനമായും അഫ്ഗാനെതിരായ മത്സരത്തില്‍ റണ്‍ കണ്ടെത്താനാകാതെ വിഷമിച്ച ധോനിയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നൊഴിഞ്ഞ്  നില്‍ക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. വിന്‍ഡീസിനെതിരായ മത്സരത്തലേന്നു മാധ്യമങ്ങളെ കണ്ട അരുണിനോടുള്ള പ്രധാന ചോദ്യങ്ങളേറെയും ധോനിയുടെ തണുപ്പന്‍ കളിയെക്കുറിച്ചായിരുന്നെങ്കിലും അദ്ദേഹം കാര്യമായി പ്രതികരിച്ചില്ല.

 

അഫ്ഗാനെതിരായ മത്സരത്തില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ഇന്ത്യന്‍ മധ്യനിര കളിച്ചതെന്ന് അരുണ്‍ പറഞ്ഞു. ധോനിയുടെ കളിയില്‍ ടീം മാനേജ്‌മെന്റിന് ആശങ്കകളില്ല. ചെറിയ സ്‌കോറാണ് പിറന്നതെങ്കിലും അതു മനോഹരമായി പ്രതിരോധിച്ച് കളി ജയിക്കാന്‍ ഇന്ത്യയ്ക്കു സാധിച്ചു. സാഹചര്യവും വിക്കറ്റിന്റെ സ്വഭാവവും അനുസരിച്ചാണ് ധോനി കളിച്ചത്. ധോനിയുടെയോ യാദവിന്റെയോ വിക്കറ്റ് നഷ്ടമാകുന്നത് ആ അവസ്ഥയില്‍ കാര്യങ്ങള്‍ വഷളാക്കുമായിരുന്നു.

 

വിരാട് കോലിയെ ടീമിലെ മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും ഭരത് അരുണ്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ ഫോര്‍മാറ്റിലും ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ കോലിയുമായി മറ്റാരെയും താരമത്യം ചെയ്യുന്നത് ശരിയല്ലെന്നും അരുണ്‍ പറഞ്ഞു.

 

അഫാഗാനിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ മധ്യനിരയുടെ മെല്ലെപ്പോക്കിനെ വിമര്‍ശച്ച് നേരത്തെ സച്ചിന്‍ രംഗത്തെത്തിയിരുന്നു. ‘ഞാന്‍ നിരാശനാണ്. ഇതിലും മികച്ചതാക്കാമായിരുന്നു. കേദാറും ധോനിയും തമ്മിലുള്ള കൂട്ടുകെട്ടിലും ഞാന്‍ സന്തുഷ്ടനല്ല. അവര്‍ വളരെ സാവധാനമാണ് ബാറ്റ് ചെയ്തത്. 34 ഓവര്‍ കളിച്ചിട്ട് അവര്‍ 119 റണ്‍സാണ് നേടിയത്. പോസിറ്റീവായ ഒന്നും ഉണ്ടായിരുന്നില്ല’ എന്നാണ് സച്ചിന്‍ അഭിപ്രായപ്പെട്ടത്.
Comments

COMMENTS

error: Content is protected !!