CALICUTDISTRICT NEWS

കോഴിക്കോടിന് ഇനി ആഘോഷ ദിനങ്ങൾ; എന്റെ കേരളം പ്രദർശന– വിപണന മേളക്ക് ഇന്ന്  (മെയ് 12ന്) തുടക്കമാവും

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് നടക്കുന്ന എന്റെ കേരളം പ്രദർശന– വിപണന മേളക്ക് ഇന്ന്  (മെയ് 12ന്) തുടക്കമാകും. കോഴിക്കോട് ബീച്ചിൽ വൈകീട്ട് ഏഴ് മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് മേള ഉദ്ഘാടനം ചെയ്യും.
വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ കൈവരിച്ച മികവും നേട്ടങ്ങളും അവതരിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള മെയ് 12 മുതൽ പതിനെട്ട് വരെയാണ് സംഘടിപ്പിക്കുന്നത്. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മേള.

ഉദ്ഘാടന സമ്മേളനത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, എംപിമാരായ എം.കെ രാഘവൻ, കെ മുരളീധരൻ, എളമരം കരീം, ബിനോയ് വിശ്വം, പി.ടി ഉഷ, മേയർ ഡോ. ബീന ഫിലിപ്പ് എന്നിവർ മുഖ്യാതിഥികളാവും.എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,  മറ്റ് തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ മേധാവികൾ തുടങ്ങിയവർ സംബന്ധിക്കും. ജില്ലാ കലക്ടർ എ ഗീത സ്വാഗതവും ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ നന്ദിയും പറയും.

പരിപാടിക്ക് മുന്നോടിയായി വൈകീട്ട് അഞ്ച് മണിക്ക് മാനാഞ്ചിറയിൽ നിന്നും ബീച്ചിലേക്ക് വിപുലമായ ഘോഷയാത്ര നടക്കും. വൈകീട്ട് ആറ് മണിക്ക് താലൂക്കുകൾ സംഘടിപ്പിക്കുന്ന ചെണ്ട മേളം അരങ്ങേറും. തുടർന്ന് തൈക്കുടം മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോയും അരങ്ങേറും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button