DISTRICT NEWS

കോഴിക്കോട് ആസ്റ്റര്‍ മിംസ് തലച്ചോറിലെ രക്തസ്രാവത്തിന് വിപ്ലവകരമായ ചികിത്സ സാധ്യമാക്കി

കോഴിക്കോട് ആസ്റ്റര്‍ മിംസ് കൈയിലെ അനാട്ടമിക്കല്‍ സ്‌നഫ് ബോക്‌സ് പിന്‍ഹോള്‍ ഇന്റര്‍വെന്‍ഷന്‍ വഴി തലച്ചോറിലെ രക്തധമനികളിലെ വീക്കം (അന്യൂറിസം) കാരണമുണ്ടാകുന്ന രക്തസ്രാവത്തിന്റെ ചികിത്സ  സാദ്ധ്യമാക്കി.

തലച്ചോറിലെ രക്തസ്രാവത്തിന് വിപ്ലവകരമായ ചികിത്സ കേരളത്തിലാദ്യമായി നടപ്പാക്കുന്നത് കോഴിക്കോട് ആസ്റ്റര്‍ മിംസിലാണെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുന്‍കാലങ്ങളില്‍ തലയോട്ടി തുറന്ന് മസ്തിഷ്‌കത്തിലെ സങ്കീര്‍ണമായ ശസ്ത്രക്രിയ വഴിയാണ് ചികിത്സിച്ചിരുന്നത്. പകുതി രോഗികളും മരണപ്പെടുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുവാന്‍ സാദ്ധ്യതയുള്ളതുമായ രോഗാവസ്ഥയാണ് എസ്.എ. എച്ച്‌ എന്നറിയപ്പെടുന്ന തലച്ചോറിലെ രക്തസ്രാവം. മൂന്ന് രോഗികള്‍ക്ക് ചികിത്സ പൂര്‍ണ വിജയകരമായി നല്‍കാന്‍ കഴിഞ്ഞു.

രോഗികള്‍ക്ക് ഏറെ ആശ്വാസകരവും വേദനരഹിതവുമായ പിന്‍ഹോള്‍ ഇന്റര്‍വെന്‍ഷന്‍ വളരെ സുരക്ഷിതമായ പ്രക്രിയയാണ്. ശസ്ത്രക്രിയയോ മുറിവുകളോ പാടുകളോ ഇല്ലാതെയുള്ള ഈ ചികിത്സയില്‍ ഒട്ടും രക്തനഷ്ടമോ സങ്കീര്‍ണതകളോ ഇല്ല. ചികിത്സാനന്തരം ഒരുമണിക്കൂറിനുള്ളില്‍ തന്നെ ദൈനംദിന കാര്യങ്ങളെല്ലാം നിര്‍വഹിക്കാമെന്നത് ഏറെ ആശ്വാസകരമാണ്. ഈ ചികിത്സ സംസ്ഥാനത്ത് ആദ്യത്തെയും രാജ്യത്തെ രണ്ടാമത്തേതുമാണ്.

എന്‍ഡോവാസ്‌കുലാര്‍ ന്യൂറോസര്‍ജറി (ഡോ. നൗഫല്‍ ബഷീര്‍), ന്യൂറോ ആന്‍ഡ് ബോഡി ഇന്റര്‍വെന്‍ഷന്‍ (ഡോ. മുഹമ്മദ് റഫീഖ്), ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി (ഡോ. പോള്‍ ജെ ആലപ്പാട്ട്), ന്യൂറോ അനസ്തീസി യ (ഡോ.കിഷോര്‍, ഡോ.ബിജു), ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍, ന്യൂറോ റേഡിയോളജി എന്നീ വിഭാഗങ്ങളുടെ കൂട്ടായ്മയിലാണ് ആസ്റ്റര്‍ മിംസ് ഈ ചികിത്സ വിജയകരമായി പൂര്‍ത്തീകരിച്ചത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button