കോഴിക്കോട് ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവർത്തനം മാതൃകാപരം. മന്ത്രി മുഹമ്മദ് റിയാസ്

ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായാണ് മുന്നോട്ടു പോകുന്നതെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് വ്യാപനത്തിന്റെ ആദ്യ രണ്ടു ഘട്ടങ്ങളിലും നിപാ സ്ഥിരീകരിച്ചപ്പോഴും ഉദ്യോഗസ്ഥ- ജനപ്രതിനിധി തലത്തിലുണ്ടായ കൂട്ടായ്മ ജില്ലയില്‍ കോവിഡ് മൂന്നാം തരംഗത്തിലും ഉണ്ടായി എന്നത് സന്തോഷകരമാണ്. യോഗങ്ങളും പരിശോധനകളും കൃത്യമായി നടക്കുന്നുണ്ട്. ജില്ലയിലെ എംഎല്‍എമാര്‍ ഇക്കാര്യത്തില്‍ നേതൃപരമായ പങ്ക് വഹിച്ചുവെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിക്കുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നനും  അത് എങ്ങിനെ മറികടക്കാം എന്ന് ആലോചിക്കേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ലബോറട്ടറികളില്‍ പരിശോധന സംവിധാനം പൊതുജനങ്ങള്‍ക്ക് നല്ല രീതിയില്‍ ലഭ്യമാകുന്നുവെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. രോഗികളുള്ള വീടുകളുമായി റാപിഡ് റെസ്‌പോണ്‍സ് ടീം കൃത്യമായി ആശയ വിനിമയം നടത്തുന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു. ഡോക്ടര്‍മാരുടെ കുറവുള്‍പ്പെടെ യോഗത്തില്‍ എംഎല്‍എമാര്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങളില്‍ അടിയന്തര തീരുമാനം ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പു നല്‍കി. ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ നേരത്തെ പൊതുമരാമത്തു മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗങ്ങള്‍ ഏറെ ഫലപ്രദമായിരുന്നുവെന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Comments

COMMENTS

error: Content is protected !!