കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ‘നാട്ടുമാമ്പാത’ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കും

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ‘നാട്ടുമാമ്പാത’ എന്ന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കും. കനാലുകൾ,പുഴകൾ റോഡുകൾ ഇവയുടെ ഓരങ്ങളിലും മറ്റ് സൗകര്യപ്രദമായ സ്ഥലങ്ങളിലും നാട്ടുമാവുകൾ വെച്ച് പിടിപ്പിച്ച് സംരക്ഷിക്കുന്ന പദ്ധതിയാണ് ഇത്.

ആദ്യഘട്ടത്തിൽ നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിൽ ആവും ഇത് നടപ്പിലാക്കുക. പിന്നീട് മറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ഇതിനായി നാട്ടുമാവിൻ തൈകൾ, മാവിൻ വിത്തുകൾ എന്നിവ നൽകാൻ സന്നദ്ധത ഉള്ളവർ 96565 30675 എന്ന നമ്പറിൽ ബന്ധപ്പെടണം. ഏപ്രിൽ 24ന് നാട്ടുമാവിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ചചെയ്യുന്ന ഒരു ശില്പശാല ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിൽ നിന്നും ഉള്ള പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തും. ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ കമ്പ്യൂട്ടർ വൽക്കരിക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ ഗ്രാമപഞ്ചായത്തുകൾക്ക് നൽകാനും യോഗത്തിൽ ധാരണയായി.


ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി കൺവീനർ വടയക്കണ്ടി നാരായണൻ, കേരള ബയോഡൈവേഴ്സിറ്റി ബോർഡ് ജില്ലാ ഓർഡിനേറ്റർ ഡോ. കെ പി മഞ്ജു, നാസർ എറക്കോടൻ, ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് നാരായണൻ ജൂനിയർ സൂപ്രണ്ട് പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!