കോഴിക്കോട് ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ നാട്ടുമാമ്പാത പദ്ധതി നടപ്പിലാക്കുന്നു
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ നാട്ടുമാമ്പാത എന്ന പദ്ധതി നടപ്പിലാക്കുന്നു. വൈവിധ്യവും രുചി ഭേദവും ഔഷധ ഗുണങ്ങളും ഉള്ള നാട്ടുമാവുകൾ അന്യം നിന്നു പോകാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇതിലൂടെ നടത്തുന്നത്. കനാലുകൾ, പുഴകൾ, റോഡുകൾ ഇവയുടെ ഓരങ്ങളിലും മറ്റു സൗകര്യപ്രദമായ സ്ഥലങ്ങളിലും നാട്ടുമാവുകൾ വെച്ചുപിടിപ്പിച്ച് സംരക്ഷിക്കുന്ന പദ്ധതിയാണ് ഇത്. ഇതിനായി മെയ് 30ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നാട്ടുമാമ്പാത ശില്പശാല സംഘടിപ്പിക്കും.
ഇതിൻറെ ഭാഗമായി വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും നാട്ടുമാവിൻ വിത്തുകൾ ഏറ്റുവാങ്ങുന്നുണ്ട്. കുറ്റ്യാടി സീഗൈറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ സമിതി കൺവീനർ വടയക്കണ്ടി നാരായണൻ നാട്ടുമാവിന്റെ വിത്തുകൾ ഏറ്റുവാങ്ങി. നിർമ്മല ജോസഫ്, ലിഫാ നഹാൻ, റീഹാ നൗറിൻ തുടങ്ങിയവർ വിത്തുകൾ കൈമാറി. സെഡ് എ സൽമാൻ അധ്യക്ഷനായി. ഉബൈദ് വാഴയിൽ, ജമാൽ പാറക്കൽ തുടങ്ങിയവർ സംസാരിച്ചു.