കോഴിക്കോട് പ്രോവിഡൻസ് സ്‌കൂളിൽ ഹിജാബ് വിലക്ക്;ടി.സി വാങ്ങി വിദ്യാർത്ഥിയുടെ പ്രതിഷേധം
കോഴിക്കോട്: സ്‌കൂളിൽ ശിരോവസ്ത്ര വിലക്കിനെ തുടർന്ന് ടി.സി വാങ്ങി വിദ്യാർത്ഥിയുടെ പ്രതിഷേധം. കോഴിക്കോട് നടക്കാവ് പ്രൊവിഡൻസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് ഹിജാബിന് വിലക്കുള്ളത്.
സ്‌കൂളിൽ അഡ്മിഷനെടുക്കുന്ന സമയത്തുതന്നെ ഹിജാബ് അനുവദിക്കില്ലെന്ന് പ്രിൻസിപ്പൽ വിദ്യാർഥിയെയും രക്ഷിതാവിനെയും അറിയിച്ചിരുന്നു. എന്നാൽ, തട്ടമിടാതെ പഠനം തുടരാനാകില്ലെന്ന നിലപാടിലായിരുന്നു വിദ്യാർത്ഥി. എന്നാൽ, സ്‌കൂൾ അധികൃതർ വിലക്കിൽ ഉറച്ചുനിന്നു. ഇതിനിടെയാണ് കോഴിക്കോട് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അഡ്മിഷൻ ലഭിച്ചത്.
മോഡൽ സ്‌കൂളിൽ ശിരോവസ്ത്രം ധരിക്കാൻ അനുവാദമുണ്ട്. തുടർന്നാണ് പ്രോവിഡൻസ് സ്‌കൂളിലെത്തി വിദ്യാർത്ഥിയും രക്ഷിതാവും ടി.സി വാങ്ങിയത്. മുസ്‌ലിം മതാചാരപ്രകാരം തട്ടമിട്ട് പഠിക്കാൻ പ്രോവിഡൻസ് സ്‌കൂൾ അധികൃതർ അനുവദിക്കുന്നില്ലെന്ന് പിതാവ് മുസ്തഫ അമ്മിണിപ്പറമ്പ് പറഞ്ഞു. മകൾക്ക് ഇവിടെ പഠിക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.