കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മരുന്നിനായി ഇനി മണിക്കൂറുകൾ വരി നിൽക്കേണ്ട

കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മരുന്നിനായി ഇനി മണിക്കൂറുകൾ വരി നിൽക്കേണ്ട. 2600 ചതുരശ്ര മീറ്ററിൽ അത്യാധുനിക മരുന്ന് വിതരണകേന്ദ്രം ആശുപത്രിക്കകത്ത്‌ തുടങ്ങി. ഓരോ സ്കീമുകൾക്കും വ്യത്യസ്‌ത കൗണ്ടർ എന്ന നിലയിൽ ഒമ്പത് കൗണ്ടറാണ്‌ സജ്ജീകരിച്ചിരിക്കുന്നത്‌.ശീതീകരിച്ച മരുന്ന് സംഭരണ കേന്ദ്രം, രോഗികൾക്ക് മരുന്നിനെക്കുറിച്ച്‌ നിർദേശങ്ങൾ നൽകുന്ന ഫാർമസ്യൂട്ടിക്കൽ കെയർ സെന്റർ, മരുന്നുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കുന്ന ഡ്രഗ്‌ ഇൻഫർമേഷൻ സെന്റർ, കോൺഫറൻസ് മുറി, റെക്കോഡ് റൂം, സ്‌റ്റേഷനറി സെന്റർ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്‌.

കൗണ്ടറുകളിൽ കാസ്‌പിന് മൂന്നും കെബിഎഫ്, ആർബിഎസ്‌കെ, ട്രൈബൽ, മെഡിസെപ്പ്, ടോക്കൺ എന്നിവക്ക് ഓരോന്നും പണമടയ്‌ക്കാൻ രണ്ട് കൗണ്ടറുകളുമുണ്ട്‌. ജീവനക്കാർക്ക്‌ ഒരു കൗണ്ടറുമുണ്ട്‌. ടോക്കൺ മോണിറ്ററും ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്‌.നേരത്തെ ഇൻഷുറൻസ്‌ കവറേജുള്ള രോഗികൾക്ക് ആറ് വിഭാഗങ്ങളിൽ മരുന്ന് വാങ്ങാൻ ഒരു കൗണ്ടർ മാത്രമാണുണ്ടായിരുന്നത്‌. ആറോ ഏഴോ മണിക്കൂർ ഇവിടെ ചെലവിട്ടാണ്‌ മരുന്ന് വാങ്ങിയിരുന്നത്‌. അതിനാണ്‌ മാറ്റംവരുന്നത്‌.

ഹോസ്പിറ്റൽ ആൻഡ്‌ ക്ലിനിക്കൽ ഫാർമസി സർവീസസും ഒപിക്ക് മുന്നിൽ നിർമിച്ച ജലധാരയും അസിസ്റ്റന്റ്‌ കലക്ടർ ചെൽസ സിനി ഉദ്ഘാടനംചെയ്‌തു.പ്രിൻസിപ്പൽ ഡോ. അശോകൻ, ഐഎംസിഎച്ച് സൂപ്രണ്ട് ഡോ. അരുൺ പ്രീത്, ഡോ. അജയകുമാർ, അസി. പ്രൊഫസർ മഞ്‌ജു, നഴ്സിങ്‌ സൂപ്രണ്ട് സുമതി, ലേ സെക്രട്ടറി ബാബുചന്ദ്രൻ എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!