കോവിഡ് കാലത്തെ റേഷൻ വിതരണം സർക്കാറിന് തിരിച്ചടി ;റേഷന്‍ കടയുടമകള്‍ക്ക് കമ്മിഷന്‍ നല്‍കണമെന്ന് ഹൈക്കോടതി

കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത റേഷന്‍ കടയുടമകള്‍ക്ക് കമ്മിഷന്‍ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സമയപരിധി കഴിഞ്ഞിട്ടും കമ്മീഷന്‍ നല്‍കാതിരുന്നതിന് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് അപ്പീല്‍ തള്ളിയത്.

കമ്മിഷന്‍ നല്‍കണമെങ്കില്‍ 40 കോടി രൂപ അധികം വേണമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് കിറ്റ് നല്‍കിയതെന്നും മാനുഷിക പരിഗണനയോടെ കണ്ട് വിതരണം ചെയ്തത് സൗജന്യമായി കണക്കാക്കണമെന്ന സര്‍ക്കാര്‍ വാദവും കോടതി മുഖവിലയ്‌ക്കെടുത്തില്ല. എത്രയും വേഗം ഹൈക്കോടതി വിധി നടപ്പാക്കുകയാണ് വേണ്ടതെന്ന നിര്‍ദേശമാണ് സുപ്രീം കോടതി സര്‍ക്കാരിന് നല്‍കിയത്.

2020 ഏപ്രില്‍ ആറിനാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്. ഒരു കിറ്റിന് അഞ്ച് രൂപ നിരക്കില്‍ റേഷന്‍കട ഉടമകള്‍ക്ക് കമ്മിഷന്‍ നല്‍കാന്‍ 2020 ജൂലായ് 23 ന് തീരുമാനിച്ചു. എന്നാല്‍ രണ്ട് മാസം മാത്രമേ കമ്മിഷന്‍ നല്‍കിയുള്ളൂ. ബാക്കി 11 മാസത്തെ കമ്മിഷന്‍ ആവശ്യപ്പെട്ട് റേഷന്‍കട ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് അവര്‍ക്കനുകൂലമായി ഹൈക്കോടതിയുടെ വിധിയുണ്ടായത്.

കമ്മിഷന്‍ നല്‍കാന്‍ സമയ പരിധിയും ഹൈക്കോടതി നിശ്ചയിച്ചിരുന്നു. പിന്നീട് ഈ സമയ പരിധി നീട്ടി നല്‍കിയിട്ടും കമ്മിഷന്‍ നല്‍കാതെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അധികസമയം നല്‍കിയിട്ടും എന്തുകൊണ്ട് കമ്മിഷന്‍ നല്‍കിയില്ലെന്ന് ചോദിച്ചു കൊണ്ടാണ് സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീം കോടതി തള്ളിയത്.

Comments

COMMENTS

error: Content is protected !!