കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി

കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയമേളകളും വൊക്കേഷണല്‍ എക്സ്‌പോയുമാണ് ഇന്നു മുതല്‍ മൂന്നുദിനങ്ങളിലായി (ഒക്ടോബര്‍ 20,21, 22) നടക്കുന്നത്. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് പ്രധാനവേദി. ശാസ്ത്ര, ഗണിതശാസ്ത്ര മേളകള്‍ കോക്കല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പ്രവൃത്തിപരിചയ, സാമൂഹികശാസ്ത്രമേളകള്‍ നന്മണ്ട ഹയര്‍സെക്കന്‍ഡറിയിലും ഐ.ടി മേള നന്മണ്ട 14-ലെ സരസ്വതി വിദ്യാമന്ദിര്‍ സ്‌കൂളിലുമാണ് നടക്കുന്നത്. 157 ഇനങ്ങളിലായി 5700 മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.

ശനിയാഴ്ച വൈകീട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനം എം കെ  രാഘവന്‍ എം പി ഉദ്ഘാടനം ചെയ്യും. കെ എം സച്ചിന്‍ദേവ് എം എല്‍ എ സമ്മാനവിതരണം നടത്തും.

ചടങ്ങില്‍ നന്മണ്ട പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നാസര്‍ എസ്റ്റേറ്റ്മുക്ക്, ചേളന്നൂര്‍ബ്ലോക്ക് പഞ്ചായത്ത് അംഗം കെ മോഹനന്‍, നന്മണ്ട പഞ്ചായത്ത് അംഗം ഇ കെ രാജീവന്‍, ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഷംജിത്ത്, എന്‍ എച്ച്എസ് എസ് പ്രിന്‍സിപ്പൽ പി ബിന്ദു, ഹെഡ്മാസ്റ്റര്‍ അബൂബക്കര്‍ സിദ്ധീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!