കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന്‍റെ വാർത്താസമ്മേളനം സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂളിൽ നടക്കും

വടകര: നവംബർ 26, 28, 29, 30 ഡിസംബർ 1 തീയതികളിൽ വടകരയിൽ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് പ്രചണ്ഡമായ പ്രചാരണ പ്രവർത്തനങ്ങളുമായി പ്രചാരണ, മീഡിയ കമ്മിറ്റി. 23ന് 3:00 മണിക്ക് സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂളിൽ വാർത്താസമ്മേളനം നടക്കും. എസ് പി സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അടങ്ങുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ 100 പേർ മാത്രം പങ്കെടുക്കുന്ന വിളംബരജാഥയാണ് ഇത്തവണ സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നത്. സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂളിൽ നിന്നും ആരംഭിക്കുന്ന ജാഥ പുതിയ ബസ്റ്റാൻഡ് പരിസരത്ത് സമാപിക്കും.

പരിപാടികൾ നടക്കുന്ന 19 വേദികൾക്ക് സമീപവും ബാനറുകൾ സ്ഥാപിക്കും. പ്രധാനപ്പെട്ട വേദികൾക്ക് സമീപവും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലും കമാനങ്ങൾ ഒരുക്കും. പ്രചാരണത്തിനായി സിനിമ താരങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള ചെറു വീഡിയോകൾ നിർമ്മിക്കും. വിവിധ ചാനലുകൾ പരിപാടികളുടെ തൽസമയ സംപ്രേഷണം ചെയ്യും. നിശ്ചിത രീതിയിൽ ഡിസൈൻ ചെയ്ത ബാനറുകൾ ജില്ലയിലെ എല്ലാ സ്കൂളുകൾക്ക് സമീപവും പ്രദർശിപ്പിക്കാൻ സ്കൂൾ പിടിഎ, സ്റ്റാഫ് കമ്മിറ്റികൾക്ക് നിർദ്ദേശം നൽകും. 26ന് 11 മണിക്ക് മീഡിയ റൂം ഉദ്ഘാടനം ചെയ്യും. പ്രചാരണ, മാധ്യമ കമ്മിറ്റി യോഗത്തിൽ ചെയർപേഴ്സൺ എ പ്രേമകുമാരി അധ്യക്ഷയായി. കൺവീനർ കെ പി അനിൽകുമാർ, രാജീവൻ പറമ്പത്ത്, വടയക്കണ്ടി നാരായണൻ, പി രജനി, ആർ രൂപേഷ്, കെ കെ  അനിൽ, പികെ ഷിജിത്ത്,എൻ പി സുസ്മിത, പി കെ സുനിൽ, റഷീദ് പാലേരി, ബിജുൽ ആയാടത്തിൽ ഫ്രാൻസിസ് ജോഷി, ബി സജീഷ് തുടങ്ങിയവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!