തൃക്കാർത്തിക സംഗീതോത്സവം ഒഴിവാക്കിയതിൽ പ്രതിഷേധം; ടോപ്ടെൻ

 

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക വിളക്കിനോടനുബന്ധിച്ച് വർഷങ്ങളായി നടത്തിവന്ന എട്ട് ദിവസം നീണ്ടു നിൽക്കുന്ന സംഗീതോത്സവം വിശേഷിച്ചൊരു കാരണവും കൂടാതെ നിർത്തിവെച്ചത് കലാസ്വാദകരെയും ഭക്തജനങ്ങളെയും ഒരുപോലെ നിരാശയിലാക്കിയതായി ടോപ്ടെൻ കലാ കൂട്ടായ്മ ആക്ഷേപം ഉന്നയിച്ചു.

മലബാറിലെ പ്രശസ്ത ദേവീക്ഷേത്രമായ പിഷാരികാവിൽ ഭക്തജനങ്ങളും, സ്ഥാപനങ്ങളും നൽകി വന്ന സാമ്പത്തിക സഹായത്തോടെയാണ് സംഗീതോത്സവം നടത്തിവന്നിരുന്നത്. ചുരുങ്ങിയ വർഷം കൊണ്ട് മലബാറിലാകെ പ്രശസ്തമായ സംഗീതോത്സവമായി അത് മാറുകയും ചെയ്തു.
ഓരോ ദിവസവും ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന സംഗീത പ്രതിഭകളായിരുന്നു പരിപാടികൾ അവതരിപ്പിച്ചിരുന്നത്. സംഗീതോത്സവത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്ത്, മലബാർ ദേവസ്വം ബോർഡിൻെറ കീഴിൽ പിഷാരികാവ് ദേവസ്വം പുരസ്കാരം നൽകാൻ തീരുമാനിക്കുകയായിരുന്നു. 2021 ൽ പ്രഥമ പുരസ്കാരം പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് സമ്മാനിച്ചു.

പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡും എക്സിക്യൂട്ടീവ് ഓഫീസറും ചേർന്ന് എടുത്ത സംഗീതോത്സവം ഒഴിവാക്കുന്ന തീരുമാനം, ക്ഷേത്രത്തിൻ്റെ പ്രശസ്തിക്ക് പ്രതികൂലമാണെന്നും അത് കൊണ്ട് ഉടൻ പിൻവലിക്കണമെന്നും ആനക്കുളത്ത് ചേർന്ന ടോപ്ടെൻ സംഘടനാ യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സത്വര നടപടികൾ സ്വീകരിക്കാൻ ദേവസ്വം മന്ത്രിക്കും, ചെയർമാനും കമ്മീഷണർക്കും നിവേദനം നൽകാനും തീരുമാനിച്ചു. ഭാരവാഹികളായ കെ പി ബാബു, ഇ വേണു , അനീഷ് നായർ, ടി അജിത് കുമാർ, സജീത്ത് കീർത്തി, മണി അക്ലികുന്നത്ത് എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!