കോവിഡ് വാക്സിനേഷൻ എവിടെ, എപ്പോൾ. അറിയേണ്ട കാര്യങ്ങൾ

1. ഇനി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷൻ ഉണ്ടാകുമോ

വാക്സിൻ ലഭ്യത കൂടുമ്പോഴേ ഇത്തരം ചെറിയ ആശുപത്രികളിൽ വാക്സിൻ വരികയുള്ളൂ. നിലവിൽ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റവർ, താലൂക്ക്, ജില്ലാ ആശുപത്രികളിലാണ് വാക്സിൻ നല്കുന്നത്. ജില്ലാ ഭരണകൂടം ദിവസവും പുറത്തിറക്കുന്ന വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാൽ എവിടെല്ലാം വാക്‌സിൻ ലഭ്യമാണെന്ന് അറിയാം.

2. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്താലേ വാക്സിൻ എടുക്കാൻ കഴിയൂ എന്ന് പറയുന്നത് ശരിയാണോ
ശരിയാണ്. എവിടെ നിന്നും വാക്സിൻ എടുക്കണമെങ്കിലും മുൻകൂട്ടി ഓൺലൈൻ ബുക്കിങ് നടത്തണം.

3. ഓൺലൈൻ ബുക്കിങ് നടത്താൻ ശ്രമിക്കുമ്പോൾ വളരെക്കുറച്ച് സെന്ററുകളെ കാണിക്കുന്നുള്ളൂ. കാണിക്കുന്നവയാണെങ്കിൽ വളരെ അകലെയും. എന്തു ചെയ്യാൻ കഴിയും

ജില്ലാതലത്തിൽ ഒരു സെഷൻ ഷെഡ്യൂൾ ചെയ്താലേ ആ ആശുപത്രി ലിസ്റ്റിൽ വരുകയുള്ളൂ. മാത്രമല്ല ആ ആശുപത്രിയിൽ എത്ര പേർക്കാണോ അലോട്ട് ചെയ്തിരിക്കുന്നത്, അത്രയും എണ്ണം കഴിയുമ്പോഴേക്കും ആ ആശുപത്രി പിന്നെ കാണിക്കില്ല. നാം ഓൺലൈൻ പരീക്ഷക്കും തീവണ്ടി യാത്രക്കുമൊക്കെ ബുക്ക് ചെയ്യുന്ന അതേ രീതിയിൽ തന്നെയാണിതും. ഇടക്കിടെ സൈറ്റ് നോക്കുക. ഏതെങ്കിലും ആശുപത്രിയിൽ സെഷൻ ഓപ്പൺ ആകുമ്പോൾ ബുക്ക് ചെയ്യുക. നിങ്ങളുടെ പ്രദേശത്തെ പിൻ കോഡ് നൽകിയും സെർച്ച് ചെയ്യാം.

4. അകലെയുള്ള ആശുപത്രിയിൽ ബുക്ക് ചെയ്തു. പിന്നീട് അടുത്തുള്ള ആശുപത്രിയിൽ വാക്സിൻ വന്നുവെന്നറിഞ്ഞു. ബുക്ക് ചെയ്തിടത്ത് നിന്ന് വ്യത്യസ്തമായ സ്ഥലത്തു നിന്ന് വാക്സിൻ എടുക്കാനാവുമോ

ബുക്ക് ചെയ്ത സ്ഥലത്തെ ബുക്കിങ് ക്യാൻസൽ ചെയ്ത് ആഗ്രഹിക്കുന്നയിടത്തേക്ക് ബുക്ക് ചെയ്താലേ അവിടെ നിന്ന് വാക്സിൻ ലഭിക്കൂ. ഫോണിൽ വരുന്ന കൺഫർമേഷൻ മെസ്സേജോ റെസീപ്റ്റ് പ്രിന്റ് ഔട്ടോ കാണിച്ചാലേ ഏതു വാക്സിനേഷൻ സെന്ററിൽ നിന്നും വാക്സിൻ ലഭിക്കൂ.

5. സ്വകാര്യ ആശുപത്രിയിൽ നിന്ന് വാക്സിൻ എടുക്കാൻ ബുക്ക് ചെയ്താലും ഇതേ നിയമങ്ങൾ ബാധകമാണോ
അതെ. എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും ഈ നിയമങ്ങൾ ബാധകമാണ്.

6. ആദ്യ ഡോസാണെങ്കിലും രണ്ടാം ഡോസാണെങ്കിലും ഓൺലൈൻ ബുക്കിങ് ആവശ്യമാണോ

അതെ, ഏതു ഡോസെടുക്കണമെങ്കിലും ഓൺലൈൻ ബുക്കിങ് ആവശ്യമാണ്. എന്നാൽ, ഒന്നാം ഡോസാണെങ്കിൽ- ഐ.ഡി. കാർഡ് നമ്പർ, വയസ്സ് മുതലായ കാര്യങ്ങൾ നല്കി രജിസ്റ്റർ ചെയ്തിട്ട് വേണം എവിടെ വെച്ച് ഏതു ദിവസം എടുക്കണമെന്ന് ബുക്ക് ചെയ്യാൻ. മറിച്ച്, രണ്ടാം ഡോസാണെങ്കിൽ, ആദ്യ ഡോസെടുക്കാൻ വന്നപ്പോൾ കൊടുത്ത ഫോൺ നമ്പർ ഉപയോഗിച്ച് വേണം സൈൻ ഇൻ ചെയ്യാൻ. അപ്പോൾ പേരും നിങ്ങൾ ഇന്ന ദിവസം partially vaccinated ആണെന്നും മെസ്സേജ് കാണാം. തുടർന്ന് ബുക്കിങ് മാത്രം ചെയ്താൽ മതി.

7. ആദ്യത്തെ ഡോസ് എടുത്തതാണ്. പക്ഷെ ഫോൺ നമ്പർ കൊടുക്കുമ്പോൾ partially vaccinated മെസ്സേജ് കാണുന്നില്ല. എന്തു ചെയ്യണം

ഇതിന് പല കാരണങ്ങളുണ്ടാവാം. ചിലപ്പോൾ ഒന്നാം പ്രാവശ്യം കൊടുത്ത ഫോൺ നമ്പർ വ്യത്യസ്തമാവാം, അല്ലെങ്കിൽ ഏതെങ്കിലും അക്കത്തിൽ വ്യത്യാസം വന്നതാവാം. ഒരു പക്ഷെ, ആദ്യ ഡോസ് എടുത്ത സമയത്ത് നിങ്ങളുടെ രജിസ്ട്രേഷൻ ശരിയായ രീതിയിൽ പൂർത്തിയാക്കിയിരുന്നെങ്കിലും ഇങ്ങനെ സംഭവിക്കാം. നിങ്ങൾ ആദ്യ ഡോസ് എടുത്തയിടത്തെ റിപ്പോർട്ടിൽ നിന്നും എന്താണ് സംഭവിച്ചതെന്ന് ഏറെക്കുറെ മനസ്സിലാക്കാനാവും.

8. ആദ്യ ഡോസ് വാക്സിനേഷൻ എടുത്തയിടത്ത് ഫോൺ നമ്പർ ഒരക്കം മാറിപ്പോയതിനാൽ partially vaccinated മെസ്സേജ് വരുന്നില്ല. എന്തു ചെയ്യാൻ സാധിക്കും?. പുതുതായി രജിസ്റ്റർ ചെയ്യാമോ?

പുതുതായി രജിസ്റ്റർ ചെയ്താൽ എടുക്കുന്ന ഡോസ് ഒന്നാമത്തേതായി കണക്കാക്കപ്പെടും. സർട്ടിഫിക്കറ്റ് തെറ്റായിപ്പോകും. അതുകൊണ്ട് അതിനു മുതിരേണ്ടതില്ല. ഇങ്ങനെയുള്ളവർ തല്കാലം കാത്തിരിക്കുക. പുതുതായി രജിസ്റ്റർ ചെയ്ത് രണ്ടാം ഡോസ് എടുക്കാനുള്ള അവസരം താമസിയാതെ ഉണ്ടാകും.

9. ഒന്നാം ഡോസ് എടുത്ത് 8 ആഴ്ച കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാൻ സാധിച്ചില്ല. ആദ്യ ഡോസ് എടുത്തതു കൊണ്ടുള്ള ഫലം നഷ്ടമാകുമോ

ഇല്ല, പിന്നീട് എടുത്താലും നിങ്ങൾക്കു ലഭിക്കുന്ന പ്രതിരോധ ശേഷിയിൽ മാറ്റമില്ല.

10. വാക്സിൻ ഇല്ലാത്തപ്പോൾ നിങ്ങൾ 4 ആഴ്ച, 6 ആഴ്ചയാക്കി, പിന്നെ 8 ആക്കി, ഇനി 12 ആയാലും കുഴപ്പമില്ല എന്നു പറയുന്നു. ഇപ്പറയുന്നതിൽ എന്താണ് യാഥാർത്ഥ്യം

ഇന്ത്യയിലെ വിദഗ്ധ ഗ്രൂപ്പാണ് 4 ആഴ്ച എന്നത് 6 മുതൽ 8 ആഴ്ചയാക്കിയത്. എന്നാൽ പല വിദേശരാജ്യങ്ങളിലും ഇത് മൂന്ന് മാസമാണ്. അവിടെയൊന്നും വാക്സിൻ ലഭ്യതക്കുറവില്ലല്ലോ. ഏതായാലും രണ്ടാം ഡോസ് താമസിച്ചതുകൊണ്ട് അപകടമില്ല എന്നുറപ്പാണ്.

11. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാനറിയാത്തവർ, ഫോൺ ഇല്ലാത്തവർ എന്തു ചെയ്യണം

ഇവിടെയാണ് നമ്മുടെ സന്നദ്ധപ്രവർത്തകരുടെയും യുവാക്കളുടെയും പ്രവർത്തനവും സഹകരണവും ആവശ്യമായി വരുന്നത്. നമ്മുടെ പ്രദേശങ്ങളിൽ ഉള്ള ഓൺലൈൻ ബുക്കിങ് ചെയ്യാനറിയാത്തവരെ എങ്ങനെ അവരെ തിരക്കിൽപ്പെടുത്താതെ, ബുദ്ധിമുട്ടിക്കാതെ ബുക്കിങ് ചെയ്തു കൊടുക്കാം എന്ന് എല്ലാ സന്നദ്ധ പ്രവർത്തകരും ആലോചിച്ച് തീരുമാനിക്കുക, സഹായിക്കുക. എന്നിട്ടും സാധിക്കാത്തവരുടെ വിവരങ്ങൾ ആദ്യത്തെ ഡോസ് വാക്‌സിൻ എടുത്ത സ്ഥലത്തെ ആരോഗ്യപ്രവർത്തകരെ അറിയിക്കുക.

 

കടപ്പാട് ഡോ. അഞ്ജു മിറിയം ജോൺ,

Comments

COMMENTS

error: Content is protected !!