കോഴിക്കോട് വാഹനമോഷണ പരമ്പരയിലുൾപ്പെട്ട ഏഴു വിദ്യാർഥികൾ പിടിയിൽ
കോഴിക്കോട്: വാഹനമോഷണ പരമ്പരയിലുൾപ്പെട്ട ഏഴ് വിദ്യാർഥികളെ സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ് പിടികൂടി. നഗരപരിധയിൽ ഇരുചക്രവാഹന മോഷണം വർധിച്ച സാഹചര്യത്തിൽ നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് സംഘം പിടിയിലായത്. കുട്ടികളെ ചോദ്യംചെയ്തതിന് പിന്നാലെ കവർന്ന നാല് സ്പ്ലെൻഡറുകളടക്കം അഞ്ച് ബൈക്കുകൾ പൊലീസ് കണ്ടെടുത്തു. ബേപ്പൂർ, നടക്കാവ്, വെള്ളയിൽ, പന്തീരാങ്കാവ്, ടൗൺ എന്നീ സ്റ്റേഷൻ പരിധിയിൽനിന്ന് കവർന്ന ബൈക്കുകളാണിത്.
വാഹനമോഷണമുണ്ടായ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് പൊലീസ് ആളുകളെ തിരിച്ചറിഞ്ഞത്. കവർച്ച നടത്തിയത് പ്രായപൂർത്തിയാവാത്തവരാണെന്ന് വ്യക്തമായ പൊലീസ് ഇവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി വിവരങ്ങൾ ധരിപ്പിച്ചു. ബൈക്ക് ഓടിക്കാനുള്ള അതിയായ ആഗ്രഹംകൊണ്ടും ലഹരി ഉപയോഗിക്കാനുള്ള പണത്തിനും ആർഭാട ജീവിതത്തിനുമാണ് മോഷണം നടത്തുന്നതെന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞു. മോഷ്ടിച്ച ശേഷം ഉടമസ്ഥരും പൊലീസും തിരിച്ചറിയാതിരിക്കാൻ വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തുകയും വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുകയും ചെയ്യും.
മോഷ്ടിച്ച വാഹനങ്ങളിൽ ചിലത് പൊളിക്കുകയും കുറച്ചുകാലം ഓടിച്ചശേഷം കുറഞ്ഞ വിലയ്ക്ക് മറിച്ചുവിൽക്കുകയും ചെയ്തിട്ടുണ്ട്. ഒരു വാഹനം പൊളിച്ചത് പ്രായപൂർത്തിയാവാത്തയാളുടെ വീട്ടിൽ വെച്ചാണെന്നും സംഘം വ്യക്തമാക്കി. രാത്രികാലങ്ങളിൽ വീടുവിട്ടിറങ്ങി മോഷ്ടിച്ച വാഹനങ്ങളിൽ റൈഡ് നടത്തി മറ്റു വാഹനങ്ങൾ മോഷ്ടിക്കുകയും പൊലീസിന്റെ കണ്ണിൽപെടാതിരിക്കാൻ മിന്നൽവേഗത്തിൽ ഓടിച്ചുപോവുകയുമാണ് ഇവരുടെ പതിവെന്ന് സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണ പറഞ്ഞു.