കോവിഡാനന്തര ചികിത്സക്ക് ഹോമിയോപ്പതി പൂര്‍ണ്ണ സജ്ജം
കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളുടെ ചികിത്സക്ക് ഹോമിയോപ്പതി വകുപ്പ് ജില്ലയില്‍ പൂര്‍ണ്ണ സജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡി.എം.ഒ) ഡോ. കവിത പുരുഷോത്തമന്‍ അറിയിച്ചു. ജില്ലയിലെ ആശുപത്രികളിലും ഡിസ്പന്‍സറികളിലും പ്രത്യേക ഹോമിയോ ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോവിഡ് അതിരൂക്ഷമായി വ്യാപിച്ച ആദ്യ ഘട്ടത്തില്‍ ജില്ലയില്‍ പ്രതിരോധ മരുന്ന് വിതരണം ഊര്‍ജ്ജിതപ്പെടുത്തിയിരുന്നു. രണ്ടാം ഘട്ടത്തില്‍ കോവിഡ് ബാധിതരിലുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങളില്ലാതെ സമഗ്രമായ ചികിത്സ ഹോമിയോപ്പതിയില്‍ ലഭ്യമാണെന്ന് ഡി.എം.ഒ അറിയിച്ചു.
ജില്ലയിലെ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ രാവിലെ 9 മണി മുതല്‍ ഒരു മണി വരെ പ്രത്യേക ക്ലിനിക്ക് പ്രവര്‍ത്തിക്കും. ആയുഷ് ഡിസ്പന്‍സറികളില്‍ കോവിഡാനന്തര ചികിത്സാ ഒ.പി.കളും പ്രവര്‍ത്തിക്കുമെന്നും ഡി.എം.ഒ അറിയിച്ചു. ജില്ലാ ആശുപത്രിയില്‍ റഫറല്‍ കേന്ദ്രവും പ്രവര്‍ത്തിക്കും. കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ എല്ലാ ദിവസവും കോവിഡാനന്തര ചികിത്സാ ക്ലിനിക്ക് പ്രവര്‍ത്തിക്കും. പുറമേരി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ചികിത്സാകേന്ദ്രം പ്രവര്‍ത്തിക്കും. കോവിഡാനന്തര ചികിത്സാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ചെയര്‍പേഴ്‌സണായും കൊയിലാണ്ടി ആശുപത്രി സൂപ്രണ്ട് നോഡല്‍ ഓഫീസറായും ദ്രുതകര്‍മ്മ സാംക്രമിക രോഗ നിയന്ത്രണ സെല്‍ (ഹോമിയോപ്പതി) ജില്ലാ കണ്‍വീനര്‍ അംഗമായും സമിതി രൂപീകരിച്ചിട്ടുണ്ട്.
ജില്ലയിലെ എല്ലാ സര്‍ക്കാര്‍, എന്‍.എച്ച്.എം സ്ഥാപനങ്ങളിലും പ്രതിരോധമരുന്ന് ലഭ്യമാണ്. വാര്‍ഡ് മെമ്പര്‍മാര്‍/ആര്‍ആര്‍ടിമാര്‍ വഴി വാര്‍ഡിലെ മുഴുവന്‍ ആളുകള്‍ക്കും ആവശ്യമുളള പ്രതിരോധമരുന്ന് ലഭിക്കുന്നതിന് ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രതിരോധമരുന്ന് നല്‍കുന്നതിനുള്ള അപേക്ഷയും കുടുംബനാഥന്റെയും കുടുംബാംഗങ്ങളുടെയും പേര്, വയസ്സ്, കുടുംബനാഥന്റെ ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍, എന്നിവയും നല്‍കി ആര്‍ആര്‍ടിമാര്‍ മരുന്ന് കൈപ്പറ്റി മെഡിക്കല്‍ ആഫീസറുടെ നിര്‍ദ്ദേശാനുസരണം വിതരണം ചെയ്യാവുന്നതാണെന്നും ഡി.എം.ഒ അറിയിച്ചു. ക്വാറന്റൈനിലുളളവര്‍ക്കും പ്രാഥമിക സമ്പര്‍ക്കത്തിലുളളവര്‍ക്കും പ്രതിരോധ മരുന്ന് കഴിക്കാം. 21 ദിവസം കൂടുമ്പോള്‍ പ്രതിരോധ മരുന്ന് ആവര്‍ത്തിച്ച് കഴിക്കണം. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികള്‍ക്കും ലഘുവായ രോഗലക്ഷണങ്ങള്‍ മാത്രമുളളവര്‍ക്കും ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ ആര്‍.ആര്‍.ടി മാര്‍ മുഖാന്തിരം മരുന്ന് ലഭ്യമാക്കുമെന്നും ഡി.എം.ഒ പറഞ്ഞു.