കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധന കൂട്ടി വ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍
കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധന കൂട്ടി വ്യാപനം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതലയോഗത്തിൽ കോവിഡ് വ്യാപനം തടയാൻ മുന്‍കരുതലും ജാഗ്രത നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ ജനങ്ങളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. കോവിഡിനൊപ്പം പനി അടക്കം മറ്റു രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നീരീക്ഷണവും പരിശോധനയും ശക്തമാക്കും. അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. പോസ്റ്റീവ് സാമ്പിളുകളുടെ ജനിതക പരിശോധന കര്‍ശനമായി നടത്തണം. ആശുപത്രികള്‍ പ്രതിസന്ധിയെ നേരിടാന്‍ സജ്ജമെന്ന് ഉറപ്പാക്കണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രി നല്‍കി.
കോവിഡ് നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരണോ എന്ന് ഒരാഴ്ച കഴിഞ്ഞ് ആലോചിക്കും. സ്ഥിതി ഒരാഴ്ച കഴിഞ്ഞ് വീണ്ടും വിലയിരുത്തും തല്‍ക്കാലം നിലവിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. സംസ്ഥാനങ്ങളിലേക്ക് സംഘത്തെ അയയ്ക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്
അതേസമയം കേരളവും കോവിഡ് ജാഗ്രതയില്‍ ആണ്. ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണമെന്നും ഐസിയു, വെന്റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ കൂടുതലായി മാറ്റിവയ്ക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.