സ്വാതന്ത്ര്യ ദിനാഘോഷം കോവിഡ്  പ്രോട്ടോകോള്‍ പ്രകാരം നടക്കും  ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പതാക ഉയര്‍ത്തും

ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനത്ത് രാവിലെ ഒന്‍പത് മണിക്ക് നടക്കും. ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യാതിഥിയാകും. ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് മേധാവി എന്നിവര്‍ സന്നിഹിതരാകും. കോവിഡ്, ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ജില്ലാതലത്തില്‍ രാവിലെ ഒന്‍പത് മണിക്ക് മന്ത്രി ദേശീയ പതാക ഉയര്‍ത്തും. പങ്കെടുക്കുന്നവരുടെ എണ്ണം 100 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ബ്ലോക്ക് തലത്തില്‍ 50 പേരും പഞ്ചായത്ത് തലത്തില്‍ ക്ഷണിക്കപ്പെടുന്നവരുടെ എണ്ണം 75 കവിയാനും പാടില്ല. പൊതുഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും നടക്കുന്ന ചടങ്ങുകളില്‍ 50 പേര്‍ക്ക് വരെ പങ്കെടുക്കാം. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, ശുചിത്വം പാലിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ കര്‍ശനമായി പാലിക്കണം. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, ശുചിത്വ പ്രവര്‍ത്തകര്‍ എന്നിവരെ പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ അവരുടെ ശ്രേഷ്ഠമായ സേവനത്തിനുള്ള അംഗീകാരമായി ചടങ്ങിലേക്ക് ക്ഷണിക്കും. കോവിഡ് ഭേദമായ വ്യക്തികളും ചടങ്ങിന്റെ ഭാഗമാകും. പൊതുജനങ്ങള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് ചടങ്ങില്‍ പ്രവേശനമില്ല. എല്ലാ അംഗങ്ങളെയും ക്ഷണിതാക്കളെയും പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനിംഗിന് വിധേയമാക്കും. പ്ലാസ്റ്റിക്ക് ദേശീയ പതാക വിതരണം ചെയ്യുക, വില്‍പ്പന നടത്തുക എന്നിവ നിരോധിച്ചു.
Comments

COMMENTS

error: Content is protected !!