മേരി പുകാർ സുനോ പാട്ടിലെ പുതു തരംഗമാവുന്നു

ദില്‍ സേ, ഗുരു, സ്ലംഡോഗ് മില്യണയര്‍, സാതിയ, ഓകെ ജാനു എന്നിങ്ങനെ മനം മയക്കിയ പാട്ടു കൂട്ടത്തിലേക്ക്  മേരി പുകാര്‍ സുനോ…. പാടി തുടങ്ങുന്നു. എ. ആര്‍. റഹ്‌മാനും ഗുല്‍സാറും വീണ്ടും ഒരുമിച്ചെത്തുകയാണ് ഈ ഗാനത്തിൽ

സോണി മ്യൂസിക് ഇന്ത്യ നിര്‍മിച്ച് ജൂണ്‍ 26-ന് യുട്യൂബ്, യൂട്യൂബ് മ്യൂസിക്, സ്‌പോടിഫൈ, ഗാന, ആമസോണ്‍ മ്യൂസിക്, ആപ്പ്ള്‍ മ്യൂസിക് എന്നീ എല്ലാ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലും റിലീസായ മേരി പുകാര്‍ സുനോ എന്ന പ്രത്യാശയുടെ ഗാനം രണ്ടു ദിവസം കൊണ്ട് യുട്യൂബില്‍ മാത്രം കേട്ടത് 70 ലക്ഷത്തോളം പേരാണ്.

ഈ ഗാനം രാജ്യത്തെ ഏഴ് പ്രമുഖ ഗായകര്‍ ചേര്‍ന്നാണ് ആലപിച്ചിരിയ്ക്കുന്നത്.  അല്‍ക യാഗ്നിക്, ശ്രേയ ഘോഷാല്‍, കെഎസ് ചിത്ര, സാധന സര്‍ഗം, ശാഷാ തിരുപ്പതി, അര്‍മാന്‍ മാലിക്, അസീസ് കൗര്‍ എന്നിവരാണ് ആ ഏഴു പേര്‍.

എല്ലാവരുടേയും അമ്മയായ ഭൂമിയുടെ കാഴ്ച്ചപ്പാടിലൂടെയാണ് ഗാനം രചിയ്ക്കപ്പെട്ടിരിക്കുന്നത്. തന്റെ കുട്ടികളെ വീണ്ടും ഒരുമിച്ചു കൂടാന്‍ പ്രേരിപ്പിക്കുകയും ഈ ദുരിതകാലം കടന്നുപോകുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്യുന്ന ഭൂമിമാതാവാണ് ഗാനത്തിലുള്ളത്. പകര്‍ച്ചവ്യാധിയുടെ ഈ കാലഘട്ടം എല്ലായിടത്തും അനിശ്ചിതത്വവും വേദനയും സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അതോടൊപ്പം തന്നെ അത് മറികടക്കാനുള്ള ഊര്‍ജ്ജസ്വലതയും പ്രത്യാശയും മനുഷ്യര്‍ കാഴ്ചവെയ്ക്കുന്നുണ്ടെന്ന് ഗാനത്തെപ്പറ്റി സംസാരിക്കവെ എ ആര്‍ റഹ്‌മാന്‍ പറഞ്ഞു. ‘നമുക്കെല്ലാവര്‍ക്കും ആശ്വാസവും ഉറപ്പുമാണ് ഇപ്പോള്‍ ആവശ്യം, അതുകൊണ്ടുതന്നെയാണ് ഗുല്‍സാര്‍ജിയും ഞാനും പ്രതീക്ഷയുടെ ഒരു ഗാനം സൃഷ്ടിക്കാന്‍ ആഗ്രഹിച്ചത്,’ റഹ്‌മാന്‍ പറഞ്ഞു.

Comments

COMMENTS

error: Content is protected !!