വലയ സൂര്യനെ വരവേൽക്കാനൊരുങ്ങി ജില്ല

കോഴിക്കോട്‌: ജില്ലയിൽ നൂറോളം കേന്ദ്രങ്ങളിൽ വലയ സൂര്യഗ്രഹണം കാണാൻ സൗകര്യമൊരുക്കി ശാസ്‌ത്രസാഹിത്യ പരിഷത്ത്‌. വ്യാഴാഴ്‌ച രാവിലെ എട്ടു മുതലാണ്‌ വിവിധ സ്ഥലങ്ങളിൽ ഇതിനായി സൗകര്യമൊരുക്കുക. ബുധനാഴ്‌ച നഗരത്തിൽ വിളംബര ജാഥ നടത്തും. ടെലസ്‌കോപ്പുപയോഗിച്ചുള്ള പ്രൊജക്‌ഷൻ, പ്ലെയിൻ മിറർ, സൗരക്കണ്ണട തുടങ്ങിയ സൗകര്യങ്ങളുപയോഗിച്ച്‌ ഗ്രഹണം കാണാനാകും. പതിനായിരത്തിലധികം സൗരക്കണ്ണടകൾ ഇതിനകം വിതരണംചെയ്‌തതായി പരിഷത്ത്‌ സെക്രട്ടറി പി കെ സതീശൻ അറിയിച്ചു.
മാനാഞ്ചിറ മൈതാനിയിൽ സൗരോത്സവം മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.  പേരാമ്പ്ര ചേർമല, വടകര നാരായണ നഗർ, കൊയിലാണ്ടി, മുക്കം, മടപ്പള്ളി കോളേജ്‌, കല്ലാച്ചി, തോടന്നൂർ, ഒഞ്ചിയം, ബാലുശേരി, ചെത്തുകടവ്‌, ചെറുവണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലും വിപുലമായ സൗകര്യമൊരുക്കും.
വിവിധ ലൈബ്രറികൾ, ക്ലബ്ബുകൾ, സ്‌കൂൾ, റസിഡന്റ്‌സ്‌ അസോസിയേഷൻ, കുടുംബശ്രീ അയൽക്കൂട്ടം എന്നിങ്ങനെ നൂറോളം കേന്ദ്രങ്ങൾ അപൂർവ കാഴ്‌ചയ്‌ക്കായി ഒരുങ്ങിക്കഴിഞ്ഞു.
വിദ്യാഭ്യാസ വകുപ്പ്‌, ഗ്രന്ഥശാലാ സംഘം, മേഖലാ ശാസ്‌ത്രകേന്ദ്രം, അസ്‌ട്രോണമേഴ്‌സ്‌ ക്ലബ്ബുകൾ, അധ്യാപക സംഘടനകൾ എന്നിവരുമായി സഹകരിച്ചായിരിക്കും പരിപാടി നടത്തുക.
Comments

COMMENTS

error: Content is protected !!