KERALA
കോവിഡ്–19 പരിശോധനയ്ക്കിടെ കേരളത്തിൽനിന്നു മുങ്ങിയ ബിഹാർ സ്വദേശികളെ പിടികൂടി

കോവിഡ്-19 രോഗ പരിശോധനയ്ക്കിടെ കേരളത്തിൽനിന്നു മുങ്ങിയ ബിഹാർ സ്വദേശികളായ മൂന്നു യുവാക്കളെ പൊലീസ് പിടികൂടി ബേട്ടിയ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പശ്ചിമ ചമ്പാരനിലെ രാംനഗർ ഗ്രാമവാസികളായ മൂന്നു യുവാക്കളാണു പിടിയിലായത്. കേരളത്തിൽ കോവിഡ് രോഗ പരിശോധനയിലായിരിക്കെയാണ് മൂവരും ട്രെയിനിൽ ബിഹാറിലേക്കു മടങ്ങിയത്.
ശനിയാഴ്ച ഇവർ ഗ്രാമത്തിലെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്നു ഇന്നലെ പൊലീസ് വീടുകളിലെത്തി പിടികൂടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയി. ഇവരെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇവരുടെ കുടുംബാംഗങ്ങളെ പൊലീസ് സംരക്ഷണയിൽ വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുമുണ്ട്.
കേരളത്തിൽ തൊഴിലിനായി പോയിരുന്ന ബിഹാർ സ്വദേശികൾ കൂട്ടത്തോടെ മടങ്ങിയെത്തുന്നത് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിനും പൊലീസിനും വെല്ലുവിളിയായി. രോഗപരിശോധന വിവരങ്ങൾ മറച്ചുവച്ചാണു പലരും തിരികെയെത്തുന്നത്. രോഗലക്ഷണങ്ങളുള്ള പലരും ചികിൽസ തേടാതെ ബിഹാറിലേക്കു മടങ്ങുന്നുണ്ട്
Comments