CRIMEMAIN HEADLINES

കോൺഗ്രസിനെയും ബി ജെ പിയേയും ഒരേ പോലെ എതിർപക്ഷത്ത് കാണാനാവില്ലെന്ന് സി പി എം കരട് പ്രമേയം

ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും ഒരുപോലെ എതിർ പക്ഷത്ത് കാണാനാവില്ലെന്ന് സി.പി.എം കരട് രാഷ്ട്രീയ പ്രമേയം. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കില്ല. ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാരിന് ഫാസിസ്റ്റ് മുഖമാണ്.

കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബി.ജെ.പി ശ്രമങ്ങളെ യു.ഡി.എഫ് സഹായിക്കുകയാണെന്നും കരട് രാഷ്ട്രീയ പ്രമേയം വിലയിരുത്തി.

ഏപ്രില്‍ ആറ് മുതല്‍ 10 വരെ കണ്ണൂരിലാണ് സി പി എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കേണ്ട പ്രമേയമാണ്.

മുഖ്യശത്രു ബിജെപിയാണെന്ന് സിപിഎം അടിവരയിടുന്നു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഭീഷണിയായ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഫാസിസ്റ്റ് പ്രവണതയാണ്. ബി.ജെ.പിക്കെതിരേ ജനാധിപത്യ മതേതര പാര്‍ട്ടികളുമായി കൈകോര്‍ക്കും. എന്നാൽ കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കില്ലെന്നും വ്യക്തമാക്കുന്നു.

ഹിന്ദുത്വ – കോര്‍പ്പറേറ്റ് കൂട്ടുകെട്ടിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുമെന്നും പ്രമേയത്തില്‍ പറയുന്നു. സി.പി.എം ചൈനീസ് അനുകൂലമാണെന്ന ചൈനീസ് വിരുദ്ധരുടെ പ്രചരണത്തില്‍ ജഗ്രത വേണം. വ്യാജവാര്‍ത്തകളും കൃത്രിമ ചിത്രങ്ങളും ഉപയോഗിച്ചാണ് ഇത്തരക്കാരുടെ പ്രചാരണം. വിദേശ നയത്തില്‍ കേന്ദ്ര സര്‍ക്കാരിന് സ്വതന്ത്രമായ നിലപാടില്ല. ഇന്ത്യ അമേരിക്കക്ക് മുന്നില്‍ പൂര്‍ണമായും കീഴടങ്ങിയെന്നും രാഷ്ട്രീയ പ്രമേയം വിലയിരുത്തുന്നു.

തെരഞ്ഞെടുപ്പുകൾക്കുമുമ്പ്‌ സംസ്ഥാന തലങ്ങളിലാണ്‌ ഇത്തരം സഖ്യങ്ങൾ രൂപംകൊള്ളുക. ദേശീയതല സഖ്യങ്ങൾ തെരഞ്ഞെടുപ്പിനു മുമ്പ്‌ പ്രായോഗികമല്ല. അടിയന്തരാവസ്ഥയ്‌ക്ക്‌ പിന്നാലെ ഇന്ദിരാഗാന്ധി പരാജയപ്പെട്ട കാലം മുതൽ തെരഞ്ഞെടുപ്പിനുശേഷമാണ്‌ ദേശീയതലത്തിൽ ബദൽസഖ്യം രൂപംകൊണ്ടതെന്ന്‌ സീതാറം യെച്ചൂരി ഇതു സംബന്ധിച്ച് പത്രസമ്മേളനത്തിൽ പ്രതികരിച്ചു.

കരട്‌ രാഷ്‌ട്രീയ പ്രമേയം പാർടി പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ തപൻ സെൻ, ഹനൻ മൊളള, ബി വി രാഘവുലു, നീലോൽപൽബസു എന്നിവർക്കൊപ്പം പ്രകാശനം ചെയ്‌ത്‌ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി. 2019ൽ അധികാരം വീണ്ടും ലഭിച്ചതുമുതൽ ബിജെപി ഫാസിസ്‌റ്റ്‌ സ്വഭാവമുള്ള ആർഎസ്‌എസ്‌ അജണ്ട പ്രകാരം ഹിന്ദു രാഷ്‌ട്രം സ്ഥാപിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി. ഇതോടൊപ്പം നവഉദാരനയങ്ങളും അമിതാധികാരപ്രയോഗ ഭരണരീതിയും നടപ്പാക്കുന്നു. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭരണഘടനപരമായ ചട്ടക്കൂടും മതനിരപേക്ഷ, ജനാധിപത്യ സ്വഭാവം തകർക്കാൻ ശ്രമിക്കുന്ന ബിജെപിയെ പരാജയപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടത്‌ ഇന്നത്തെ ഏറ്റവും പ്രധാന കടമയാണ്‌. ഇതിനായി ഏറ്റവും വിശാലമായ വിധത്തിൽ മതനിരപേക്ഷകക്ഷികളെ അണിനിരത്താനായി പാർടി നിലകൊളേളണ്ടത്‌ ആവശ്യമാണെന്ന്‌ കരട്‌ പ്രമേയത്തിൽ നിർദേശിക്കുന്നുവെന്ന്‌ യെച്ചൂരി പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button