ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ് ആവാൻ കോഴിക്കോട് ബീച്ച് ഒരുങ്ങുന്നു

കോഴിക്കോട് : കോഴിക്കോട് ബീച്ച്  ദക്ഷിണേന്ത്യയിലെ ആദ്യത്തെ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് ആവാൻ തയ്യാറെടുക്കുന്നു.  രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ നടപ്പാക്കുന്ന ഈറ്റ് റൈറ്റ് ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തിൽ ബീച്ചിൽ ഭക്ഷണം വിൽക്കുന്ന തട്ടുകടകളെ ചേർത്ത് ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ് ഒരുക്കുന്നത്. പരമ്പരാഗതമായി നിലനിൽക്കുന്ന ഭക്ഷണത്തെരുവുകളെ വൃത്തിയുള്ളതും ഗുണമേൻമയുള്ള ഭക്ഷണം വിളമ്പുന്നതുമായ തെരുവുകളാക്കി മാറ്റുന്ന പദ്ധതിയാണിത്. കോഴിക്കോട് ബീച്ചിനെ 2019ൽ ഇതിനായി തിരഞ്ഞെടുക്കുകയും പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.

അതിനിടയിൽ കോവിഡ് വ്യാപകമാകുകയും ബീച്ച് പൂർണമായും അടച്ചുപൂട്ടുകയും ചെയ്തതോടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടതോടെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പഴയ പദ്ധതി നടപ്പിലാക്കാൻ നടപടികൾ തുടങ്ങി. കോർപറേഷൻ ഓഫിസ് മുതൽ ലയൺസ് പാർക്ക് വരെയുള്ള ഭാഗമാണ് ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബാക്കി മാറ്റുന്നത്. ഈ ഭാഗത്ത് ഭക്ഷണസാധനങ്ങൾ വിൽക്കുന്ന 76 തട്ടുകളാണുള്ളത്. ഈ തട്ടുകടകളുടെ നടത്തിപ്പുകാർക്ക് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ശുചിത്വത്തോടെ ഭക്ഷണം കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് ക്ലാസുകൾ നൽകി. ഇനിയും തുടർ ക്ലാസുകൾ ഉണ്ടാകും.

കലക്ടറുടെ മേൽനോട്ടത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്  ബീച്ചിലെ ഈ ഭാഗത്തെ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബാക്കി ഉയർത്തുകയാണ് ലക്ഷ്യം. ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിയോഗിക്കുന്ന ഓഡിറ്റർമാരുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന മാർക്കിനനുസരിച്ചായിരിക്കും ഈ പദവി ലഭിക്കുക. ഗുണമേന്മയുള്ള നല്ല ഭക്ഷണം നൽകാൻ മികച്ച അടിസ്ഥാന സൗകര്യം നിർബന്ധമാണ്. അതിന് ബീച്ചിലെ തട്ടുകളിലെ സൗകര്യങ്ങൾ ഉൾപ്പെടെ വികസിപ്പിക്കണം. ഈ മേഖലയിലെ തട്ടുകടകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും. 

പല മാനദണ്ഡങ്ങളും പാലിച്ചാണ് തട്ടുകടകൾ പ്രവർത്തിക്കേണ്ടത്. ബീച്ചിൽ മാലിന്യം കളയാൻ കൃത്യമായ ഇടമില്ല. നിലവിൽ കുടിവെള്ളം ശേഖരിക്കാൻ പോലും സംവിധാനം ഇല്ല. ഇതിനു ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ജല അതോറിറ്റിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അതുപോലെ ഒരേ രീതിയിലുള്ള കുട്ടകൾ സ്ഥാപിച്ച് മാലിന്യങ്ങൾ ശേഖരിച്ചു ഹരിത കർമ സേനയ്ക്കു കൈമാറുകയും വേണം.

Comments

COMMENTS

error: Content is protected !!