MAIN HEADLINES
കർണാടകം: സുപ്രീംകോടതി വിധി ഇന്ന‌്; സ‌്പീക്കറുടെ വിശാല അധികാരം
ന്യൂഡൽഹി> കർണാടകത്തിലെ വിമത എംഎൽഎമാരുടെ രാജിയും അയോഗ്യതയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി ബുധനാഴ‌്ച പകൽ 10.30ന‌് വിധി പറയും. 15 വിമത എംഎൽഎമാരുടെയും സ‌്പീക്കർ കെ ആർ രമേഷ‌്കുമാറിന്റെയും ഹർജികളിൽ ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനായ ബെഞ്ച‌് ചൊവ്വാഴ‌്ച വാദം പൂർത്തിയാക്കി.
വിമതർക്കെതിരെ അയോഗ്യതാ നടപടി തുടങ്ങിയ സാഹചര്യത്തിൽ, രാജിക്കത്തുകളിൽ തീരുമാനം എടുക്കാൻ സ‌്പീക്കറോട‌് ഉത്തരവിടാൻ കോടതിക്ക‌് കഴിയുമോയെന്നതിലാണ‌് ചൊവ്വാഴ‌്ച പ്രധാനമായും വാദം നടന്നത‌്. കൂറുമാറ്റനിരോധന നിയമവുമായി ബന്ധപ്പെട്ട‌് സ‌്പീക്കർമാർക്ക‌് സുപ്രീംകോടതി അധികാരം നൽകിയിട്ടുണ്ട‌്. അത‌് വിശദമായി പരിശോധിക്കേണ്ട സാഹചര്യമാണിതെന്ന‌് ചീഫ‌്ജസ‌്റ്റിസ‌് നിരീക്ഷിച്ചു.
കോൺഗ്രസ‌്–-ജെഡിയു സഖ്യസർക്കാർ വ്യാഴാഴ‌്ച സഭയിൽ വിശ്വാസവോട്ടുതേടും. എംഎൽഎമാരുടെ രാജിസംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെ ആശ്രയിച്ചിരിക്കും കുമാരസ്വാമി സർക്കാരിന്റെ ഭാവി. ജൂലൈ 11ന‌് എംഎൽഎമാർ സ‌്പീക്കർ മുമ്പാകെ നേരിട്ട‌് ഹാജരായിട്ടും രാജിയിൽ തീരുമാനം വൈകിയത‌് എന്തുകൊണ്ടാണെന്ന‌് ചീഫ‌്ജസ‌്റ്റിസ‌് ചോദിച്ചു. എംഎൽഎമാരുടെ രാജിക്കത്തുകളിലും അവർക്ക‌് എതിരായ അയോഗ്യതാനടപടികളിലും സ‌്പീക്കർ എങ്ങനെ തീരുമാനം എടുക്കണമെന്ന‌് നിർദേശിക്കാനാകില്ല. സ‌്പീക്കറുടെ അധികാരം ചോദ്യംചെയ്യാൻ കോടതിക്ക‌് ഭരണഘടനാപരമായ അധികാരം ഇല്ലെന്നാണ‌് അദ്ദേഹത്തിന്റെ വാദം.
എന്നാൽ, ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ അദ്ദേഹം കാലതാമസം വരുത്തുന്നത‌് ന്യായീകരിക്കാനാകില്ല–-ചീഫ‌് ജസ‌്റ്റിസ‌് പറഞ്ഞു. തൽസ്ഥിതി തുടരണമെന്ന സുപ്രീംകോടതി ഉത്തരവ‌് പിൻവലിച്ചാൽ ഉടൻ തീരുമാനമെടുക്കാമെന്ന‌് സ‌്പീക്കർക്കുവേണ്ടി ഹാജരായ മനു അഭിഷേക‌് സിങ്‌വി പ്രതികരിച്ചു.
വിമതരുടെ രാജി ബിജെപിയിൽ ചേരാനാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന‌് എംഎൽഎമാർക്ക‌് വേണ്ടി ഹാജരായ മുകുൾ റോഹ‌്തഗി വാദിച്ചു. മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമിക്ക‌് വേണ്ടി മുതിർന്ന അഭിഭാഷകൻ രാജീവ‌് ധവാനും ഹാജരായി.
Comments