ഗുജറാത്ത് വിഷ മദ്യ ദുരന്തം; എട്ട് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു, ആകെ മരണം : 41
അഹമ്മദാബാദ്: മദ്യത്തിന് നിരോധനം ഏര്‍പ്പെടുത്തിയ ഗുജറാത്തിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണം 41 ആയി. നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിഷമദ്യം ഒഴുകുന്നുണ്ടെന്ന് രേഖാമൂലം പരാതി നൽകിയിട്ടും അതെല്ലാം പൊലീസ് അവഗണിച്ചതാണ് വന്‍ ദുരന്തത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ 14 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ മിക്കവരെയും അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഗുജറാത്ത് തീവ്രവാദി വിരുദ്ധ സ്ക്വാഡും അഹമ്മദാബാദ് ക്രൈം ബ്രാഞ്ചും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്. ഇതിനിടെ, മദ്യമാഫിയയിൽ നിന്ന് പണം പിരിക്കാൻ സ്ഥലത്തെ ഒരു എഎസ്ഐ നടത്തുന്ന സംഭാഷണവും പുറത്ത് വന്നു.
സമ്പൂർണ മദ്യ നിരോധനമുള്ള സംസ്ഥാനത്താണ് ഇത്രയും വലിയ വിഷമദ്യ ദുരന്തമുണ്ടായത്. ആശുപത്രിയിൽ ചികിത്സയിലുള്ള പലരുടേയും നില അതീവ ഗുരുതരമാണ്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം 10 പേരെ അറസ്റ്റ് ചെയ്തു.
വിഷമായ മീഥൈൽ ആൽക്കഹോളിൽ വെള്ളം ചേർത്ത് കുപ്പിക്ക് 20 രൂപ വച്ചാണ് ഇവർ നൽകിയതെന്ന് പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു. രക്തപരിശോധന ഇക്കാര്യം സ്ഥിരീകരിച്ചതായി ഡിജിപി അനീഷ് ഭാട്ടിയ പറഞ്ഞു.
അഹമ്മദാബാദിൽ ഗോഡൗണിൽ മാനേജരായി ജോലി ചെയ്യുന്ന ജയേഷാണ് 600 ലീറ്റർ മീഥൈൽ ആൽക്കഹോൾ മോഷ്ടിച്ച് 40,000 രൂപയ്ക്ക് ബന്ധുവായ സഞ്ജയിന് നൽകിയത്. ഇയാൾ ഇത് കള്ളവാറ്റുകാർക്ക് വിറ്റു. കള്ളവാറ്റുകാർ ഇതിൽ വെള്ളം ചേർത്ത് റോജിദ് ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും വിൽപന നടത്തി. ബാക്കി വന്ന 460 ലീറ്റർ മീഥൈൽ ആൽക്കഹോൾ പിടിച്ചെടുത്തു– ഡിജിപി അറിയിച്ചു. അനധികൃത മദ്യവിൽപനക്കാർക്ക് രാഷ്ട്രീയക്കാർ കൂട്ടുനിൽക്കുന്നതായി ഗുജറാത്തിൽ സന്ദർശനം നടത്തുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ആരോപിച്ചു.
ഇതിനിടെ പൊതുവേദിയിൽ മദ്യപിച്ചെത്തിയ ഛോട്ടാ ഉദേപൂർ ബിജെപി ജില്ലാ പ്രസിഡന്റിന്റെ വീഡിയോ വീണ്ടും സജീവമായിട്ടുണ്ട്. വിവാദമായതോടെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് രാജി വയ്ക്കേണ്ടി വന്നിരുന്നു. ലഹരി മാഫിയയും ബിജെപി നേതാക്കളും തമ്മിലുള്ള ബന്ധത്തിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നതെന്ന് ആരോപിച്ച് കോൺഗ്രസും രംഗത്തെത്തി.