ഗുരു പി രമാദേവി കൊയിലാണ്ടിയുടെ പുത്രി; അവരെ പൂക്കാട് കലാലയം ആദരിക്കുമ്പോൾ നാടു മൊത്തമാണ് ആദരിക്കപ്പെടുന്നത്
കൊയിലാണ്ടി: പൂക്കാട് കലാലയം വിശ്വപ്രസിദ്ധ കുച്ചുപ്പുഡി നർത്തകിയും ഗവേഷകയുമായ ഗുരു പി രമാദേവിയെ ആദരിക്കുമ്പോൾ, ബഹുമാനിതരാകുന്നത് കോഴിക്കോട് ജില്ലയിലെ, വിശേഷിച്ച് കൊയിലാണ്ടിയിലെ സാംസ്കാരിക സമൂഹം ഒന്നടങ്കമാണ്. കാരണം ഇവർ കൊയിലാണ്ടിയുടെ പുത്രിയാണ്. ചേമഞ്ചേരിയിലെ പടിഞ്ഞാറയിൽ കുടുംബത്തിലാണവർ ജനിച്ചത്. ദക്ഷിണേന്ത്യൻ നൃത്തകലാരൂപമായ കുച്ചുപ്പുഡിയെ ലോക ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ രമാദേവിയോളം പങ്കു വഹിച്ച മറ്റൊരു കലാകാരിയെ കണ്ടെത്താൻ നമുക്ക് പ്രയാസമാകും.
ഹൈദരബാദ് ആസ്ഥാനമായാണ് ദീർഘകാലമായി ഇവർ പ്രവർത്തിച്ചുവരുന്നത്. 1987 ൽ സ്ഥാപിതമായ ‘ശ്രീസായി നടരാജ അക്കാദമി ഓഫ് കുച്ചുപ്പുഡി’യിൽ ഇവരുടെ നേതൃത്വത്തിൽ നടക്കുന്ന നൃത്തപരിശീലനം, നൃത്തകലകളിലുള്ള ഉപരിപഠനം, ഒരു പെർഫോമിംഗ് ആർട്ട് എന്ന നിലയിൽ ലോകത്ത് പലയിടത്തായി നടത്തുന്ന നൃത്താവതരണം എന്നിവ എടുത്തു പറയേണ്ടതാണ്. സ്വദേശത്തും വിദേശത്തുമായി വലിയ ഒരു ശിഷ്യസമ്പത്തു തന്നെ ഇവർക്കുണ്ട്. ഇപ്പോൾ അമേരിക്കയിലെ സിലിക്കോൺ സർവ്വകലാശാലയിൽ വിസിറ്റിംഗ് പ്രൊഫസറായി ജോലി ചെയ്യുന്നുണ്ട്.
ആഗോളതലത്തിൽ തന്നെ കുച്ചുപ്പുഡിയുടെ ഗവേഷണത്തിനുള്ള ആധികാരിക റഫറൻസ് ഗ്രന്ഥങ്ങളായി അംഗീകരിക്കപ്പെട്ട പലതും ഇവരുടെ രചനകളാണ്. അക്കാദമിക് നൃത്ത പഠനത്തിനായി വിവിധ സർവ്വകലാശാലകൾ ഉപയോഗിക്കുന്നതും ഇവരുടെ ടെക്സ്റ്റുകളാണ്. മിക്കവാറും അന്താരാഷ്ട്ര പ്രശസ്തമായ നൃത്തോത്സവങ്ങൾ ഇവരുടെ സാന്നിദ്ധ്യമുണ്ടങ്കിലേ പൂർണ്ണമാകൂ. നർത്തകി, അദ്ധ്യാപിക, ആധികാരികമായി അംഗീകരിക്കപ്പെട്ട നൃത്തപണ്ഡിത, കോറിയോഗ്രാഫർ, ഗ്രന്ഥകർത്താവ്, സംഘാടക എന്നീ നിലകളിലൊക്കെ ശ്രദ്ധേയമായ വ്യക്തിത്വമാണ് പി രമാദേവിയുടേത്. മറ്റൊരു സവിശേഷത അവരുടെ അക്കാദമിക യോഗ്യതകൾ കേവലം നൃത്തകലയുമായി ബന്ധപ്പെട്ടത് മാത്രമല്ല എന്നുള്ളതാണ്.
കുച്ചുപ്പുഡി നൃത്തകലയിൽ ഗോൾഡ് മെഡലോടെ ബിരുദാനന്തരബിരുദം നേടിയ ഇവർ കുച്ചുപ്പുഡിയിൽ തന്നെയാണ് എം എഫില്ലും പി എച്ച് ഡി യും നേടിയത്. ഇതിന് പുറമേയാണ് വിവിധ വിഷയങ്ങളിൽ ബി എസ് സി , ബി എഡ്, ഗൃഹശാസ്ത്രത്തിൽ ഡിപ്ലോമ, ഹിന്ദി പ്രവീണ, സോഫ്റ്റ്വെയറിൽ ഹയർ ഡിപ്ലോമ, എഞ്ചിനീയറിംഗ് ഡിപ്ലോമ തുടങ്ങി ധാരാളം വിദ്യാഭ്യാസ യോഗ്യതകൾ നേടിയത്. ഇന്ത്യയിലും ലോകത്തും നൃത്ത കലയുമായി ബന്ധപ്പെട്ട് നടക്കുന്ന മിക്ക വാറും അന്താരാഷ്ട്ര മത്സരങ്ങളുടെ ജഡ്ജിംഗ് പാനലിൽ ഇവരുടെ സാന്നിദ്ധ്യം അനിവാര്യമാണ്.
കുച്ചുപ്പുഡി ഡാൻസ് ഇൻ ടെക്സ്ച്വൽ ഫോം, കുച്ചുപ്പുഡി കലാപാസ് ഇൻ ഒഡീസി റീഡിസ്കവേഡ്, കുച്ചുപ്പുഡി നാട്യം, കുച്ചുപ്പുഡി നാട്യം (ഡിപ്ലോമ), ഹിസ്റ്റോറിക്ക് എക്സ്പ്രഷൻസ് ഇൻ കുച്ചുപ്പുഡി ഡാൻസ്, കംപേരറ്റീവ് സ്റ്റഡി ഓഫ് ചതുർവിധാഭിനയാസ് ബിറ്റ് വീൻ കഥകളി കുച്ചുപ്പുഡി യക്ഷഗാന, നാട്യശാസ്ത്ര ഇൻ എ നട്ട് ഷെൽ തുടങ്ങി നിരവധി പുസ്തകങ്ങൾ ഇവരുടേതായുണ്ട്. ഇവയിൽ പലതും അക്കാദമിക പഠനത്തിനുളളവയാണ്. ഇതിന് പുറമേ ഏഴ് ബാലേ സ്ക്രിപ്റ്റുകൾ, അഞ്ചിലധികം കീർത്തനങ്ങൾ എന്നിവയും ഇവരുടേതായുണ്ട്. ആനുകാലികങ്ങളിലും നൃത്ത മാഗസിനുകളിലുമായി നിരവധി പഠനങ്ങൾ ഇവരുടേതായി പ്രസിദ്ധീകൃതമാണ്. അന്താരാഷ്ട സെമിനാറുകളിൽ പ്രബന്ധാവതരണങ്ങൾക്കുള്ള സ്ഥിരം ക്ഷണിതാവുമാണിവർ.
കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ, സീനിയർ ഫെലോഷിപ്പ്, കേന്ദ്ര സർക്കാരിന്റെ നവരസ നാട്യ പ്രപൂർണ്ണ, പനോരമ ഓഫ് ഡാൻസ്. നൃത്ത്യ കലാ ചൂഡായ്, കലാസുബ്ബറാവു സ്മാരക പുരസ്കാരം, ദുർഗ്ഗാഭായ് ദേശ്മുഖ്, ലൈഫ് ടൈം എച്ചീവ്മെന്റ്, പഞ്ചരത്ന മഹിളാ ആവാർഡ്, യുവകലാവാഹ്നി, പ്രശസ്തമായ ശീതാഗോവിന്ദ് സമ്മാൻ, വിവിധ സംസ്ഥാന അവാർഡുകൾ തുടങ്ങി ഇവർക്ക് ലഭിച്ച അംഗീകാരങ്ങൾ ഇതുപോലൊരു കുറിപ്പിൽ രേഖപ്പെടുത്താവുന്നതല്ല.
ഇത്രയും മഹത്തായ ഒരു കലാകാരിയെ നമ്മുടെ നാട്ടിലെ ഒരു കലാക്ഷേത്രം ആദരിക്കുമ്പോൾ അവർ മാത്രമല്ല അവർ പിറന്ന മണ്ണും നാടുമാണ് കുച്ചുപ്പുഡി എന്ന നൃത്തരൂപത്തോടൊപ്പം ആദരിക്കപ്പെടുന്നത്.