പാവപ്പെട്ട കുടുംബത്തില്‍നിന്നാണ് ഞാന്‍ വരുന്നത്; ഇതൊന്നും സ്വപ്‌നം കണ്ടിരുന്നില്ല

മമ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിലൂടെ ബോളിവുഡിലെ ഫൈറ്റ് കൊറിയോഗ്രാഫര്‍ ശ്യാം കൗശല്‍ വീണ്ടും മലയാളത്തിലെത്തുന്നു. ബാജിറാവു മസ്താനി, അശോക, പത്മാവത് എന്നീ ചരിത്ര സിനിമകള്‍ക്ക് ശേഷമാണ് വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ അദ്ദേഹം എത്തുന്നത്.

 

മാമാങ്കം എങ്ങനെയുണ്ടായിരുന്നു?

 

വളരെ നല്ല അനുഭവമായിരുന്നു ഈ ചിത്രം. നിര്‍മാതാവ് വേണുവിന്റെ സിനിമയോടുള്ള പ്രതിബദ്ധത എന്നെ അദ്ഭുതപ്പെടുത്തി. നടന്‍ മമ്മൂട്ടി സിനിമയ്ക്കുവേണ്ടി നടത്തിയ അധ്വാനം, മറ്റ് നടന്മാര്‍, ബാലതാരം അച്ചു, ഉണ്ണി എല്ലാവരും ശരിക്കും കഷ്ടപ്പെട്ടു. കലാവിഭാഗം ഒരുക്കിയ സെറ്റ് തികച്ചും ആശ്ചര്യജനകമാണ്. ഞാന്‍ ചിത്രീകരിച്ച രംഗങ്ങള്‍ കണ്ട് എല്ലാവരും സന്തോഷം പങ്കുവെച്ചു. അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍സാധിച്ചതില്‍ ഈശ്വരനോട് നന്ദിപറയുന്നു.

 

ചരിത്രകഥ പറയുന്ന സിനിമകള്‍ക്കും പുതുതലമുറചിത്രങ്ങള്‍ക്കും വ്യത്യസ്തമായ ആക്ഷന്‍ശൈലി ഉപയോഗിക്കാറുണ്ടോ?

 

സ്വാഭാവികമായിട്ടും ചരിത്രസിനിമകളിലെ ആക്ഷന്‍രംഗങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ എന്റെ ഭാഗ്യത്തിന് അത്തരം സിനിമകള്‍ ചെയ്യാന്‍ എനിക്ക് നേരത്തേ അവസരം ലഭിച്ചിരുന്നു. ബാജിറാവു മസ്താനി, അശോക, പത്മാവത് എന്നിവയായിരുന്നു അത്.

 

താങ്കളുടെ ഫേസ്ബുക്ക്, വാട്‌സാപ്പ് പ്രൊഫൈലില്‍ എഴുതിയിരിക്കുന്നത് ഈശ്വരന്‍ വലിയവനാണെന്നാണ്. എത്ര വലിയവനാണ് അദ്ദേഹം?
ഞാന്‍ എന്റെ ജീവിതം തുടങ്ങിയത് വളരെ പാവപ്പെട്ട കുടുംബത്തില്‍നിന്നാണ്. ഇന്ന് ഞാന്‍ നില്‍ക്കുന്ന സാഹചര്യം എന്റെ സ്വപ്നത്തില്‍പോലുമില്ലായിരുന്നു. പല അവാര്‍ഡ്ചടങ്ങിലും ഞാന്‍ പറയുമായിരുന്നു ഈശ്വരന്‍ ഞാന്‍ സ്വപ്നംകണ്ടതില്‍ കൂടുതല്‍ നല്‍കിയെന്ന്. വൈദ്യുതിപോലുമില്ലാത്ത ഒരു ഗ്രാമത്തില്‍ ജനിച്ച എനിക്ക് ഇപ്പോഴുള്ളതെല്ലാം സ്വപ്നങ്ങള്‍ക്കപ്പുറമായിരുന്നു. മുംബൈയില്‍ പോയി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുമെന്നും മക്കള്‍ സിനിമാരംഗത്ത് ശോഭിക്കും എന്നതുമെല്ലാം ചിന്തകള്‍ക്കപ്പുറമായിരുന്നു. അതുകൊണ്ടാണ് ദൈവം വലിയവനും കരുണാമയനുമാണെന്ന് എല്ലായിടത്തും പറയുന്നത്.

 

ഏറ്റവും കൗതുകകരമായ കാര്യം ഒരു ആക്ഷന്‍ ഡയറക്ടറായി താങ്കള്‍ കരിയര്‍ തുടങ്ങിയത് ഒരു മലയാള സിനിമയിലായിരുന്നു. സംവിധായകന്‍ തമ്പി കണ്ണന്താനത്തെ എങ്ങനെയാണ് താങ്കള്‍ കണ്ടുമുട്ടിയത്.

 

ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു. ഞാന്‍ ഒരു സ്റ്റണ്ട് മാനായി ജോലിനോക്കുകയായിരുന്നു. എനിക്ക് കൂടുതല്‍ മികച്ച അവസരം നല്‍കാന്‍ ബോളിവുഡില്‍ ചിലര്‍ തയ്യാറായിരുന്നു. വിധിയെന്നുപറയട്ടെ, പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഒരു സുഹൃത്ത് സ്റ്റണ്ട് മാനായ എന്നെ സംവിധായകന്‍ തമ്പി കണ്ണന്താനത്തെ ഒരു രാത്രി പരിചയപ്പെടുത്തി. മലയാളത്തിലെ വലിയൊരു സംവിധായകനാണെന്ന് പറഞ്ഞു. മോഹന്‍ലാലുമൊത്ത് മുംബൈയില്‍ ഇന്ദ്രജാലം എന്ന ചെയ്യുന്നു. നാളെമുതല്‍ സിനിമയ്ക്ക് ഒരു ആക്ഷന്‍ ഡയറക്ടറെ വേണമെന്ന് പറഞ്ഞു. തമ്പിസാര്‍ നിങ്ങളുമായി സംസാരിക്കും. എട്ടുമണിക്ക് തമ്പിസാര്‍ സ്റ്റുഡിയോയില്‍ വരുമ്പോള്‍ സിനിമയിലെ ഒരു രംഗത്തിനായി കൊള്ളക്കാരന്റെ വേഷത്തില്‍ ഞാന്‍ നില്‍ക്കുകയായിരുന്നു. ഏകദേശം അരമണിക്കൂര്‍ തമ്പിസാറുമായി സംസാരിച്ചു. അദ്ദേഹത്തിന് സന്തോഷമായി. അടുത്തദിവസം അദ്ദേഹം ഹോട്ടലിലേക്ക് വിളിപ്പിച്ചു. എന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച തമ്പിസാര്‍ സിനിമ ചെയ്യാമെന്ന് പറഞ്ഞ് കൈ തന്നു. എന്നാല്‍ ഒരു വ്യവസ്ഥ അദ്ദേഹം മുന്നോട്ടുവെച്ചു. നിങ്ങള്‍ സ്റ്റണ്ട് മാനായിട്ടല്ല, സ്റ്റണ്ട് ഡയറക്ടറായി ഈ സിനിമയില്‍ ജോലിചെയ്യണം. ആലോചിച്ചെടുക്കേണ്ട തീരുമാനമായിരുന്നു. ഞാന്‍ സ്റ്റണ്ട് ഡയറക്ടറായാല്‍ പിന്നെ തിരിച്ച് സ്റ്റണ്ട് മാനാകാന്‍ പറ്റില്ല. മക്കളായ വിക്കിയും സണ്ണിയും ചെറിയ കുട്ടികളായിരുന്നു. വരുമാനം നഷ്ടപ്പെടുത്താനാകില്ല. സ്റ്റണ്ട് മാന്റെ കാര്‍ഡ് കൊടുത്ത് സ്റ്റണ്ട് മാസ്റ്ററുടെ കാര്‍ഡ് എടുക്കണം. അന്ന് രാത്രി തമ്പിസാറിന്റെ പടത്തിനുവേണ്ടി ഷൂട്ട്‌ചെയ്തു. സന്തോഷ് ശിവന്റെ രണ്ടാമത്തെ ചിത്രമായിരുന്നു. അവിടെ തുടങ്ങി പുതിയ ജീവിതം.

 

മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരോടൊപ്പവും ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ മുതല്‍ ഇപ്പോഴുള്ള നടന്മാരോടൊപ്പവും ജോലിചെയ്തു. ആക്ഷന്‍ എന്നാല്‍ താങ്കള്‍ക്ക് എന്താണ്?

 

വലിയ കോംപ്ളിക്കേഷന്‍ ഒന്നുമില്ല. കഥയ്ക്ക് അനുയോജ്യമായ സ്റ്റണ്ട് ഒരുക്കണം. ശ്യാം കൗശല്‍ എങ്ങനെ ആക്ഷന്‍ സംവിധാനംചെയ്യുമെന്നല്ല. ആ സീനിലെ സാഹചര്യത്തില്‍ കഥപാത്രം എങ്ങനെ പെരുമാറും എന്ന് മനസ്സില്‍ കണ്ടാണ് ആക്ഷന്‍ ഒരുക്കുന്നത്.

 

താങ്കളുടെ അഭിപ്രായത്തില്‍ ആക്ഷന്‍ എന്ന് പറഞ്ഞാന്‍ ഒരു തുണിയിലെ നൂലിഴകള്‍പോലെയായിരിക്കണം?

 

അത് മാത്രമല്ല. എന്റെ ചിത്രങ്ങളിലൊന്നും അന്താരാഷ്ട്ര ആക്ഷന്‍ രംഗങ്ങളുടെ കോപ്പിയടി ഉണ്ടാകില്ല. എല്ലാ ചിത്രങ്ങളിലെയും ആക്ഷന്‍ രംഗങ്ങള്‍ സ്വയം സൃഷ്ടിച്ചതാണ്. കോപ്പിയടിച്ചിട്ട് കാര്യമില്ല. എന്നാലേ അന്താരാഷ്ട്രതലത്തില്‍ നമുക്ക് ശോഭിക്കാന്‍കഴിയൂ.

 

മലയാളത്തില്‍ ആക്ഷന്‍ ചെയ്യുമ്പോഴും ഹിന്ദിയില്‍ ആക്ഷന്‍ ചെയ്യുമ്പോഴും എന്തെങ്കിലും വ്യത്യാസം അനുഭവപ്പെട്ടിരുന്നോ?

 

ഒരിക്കലുമില്ല. എല്ലായിടത്തും കഥപറച്ചില്‍തന്നെയാണ്. എല്ലായിടത്തും സിനിമ നിര്‍മിക്കുന്നത് ഒരേ ആവേശത്തിലാണ്. ഞാന്‍ ഇപ്പോള്‍ ചെയ്ത മാമാങ്കവും ആശ്ചര്യജനകമാണ്. മമ്മൂട്ടിതന്നെയാണ് ആക്ഷന്‍രംഗങ്ങളെല്ലാം ചെയ്തത്. ഇത് പ്രകടമാക്കുന്നത് സിനിമയോടുള്ള അഭിനിവേശമാണ്. ഞാന്‍ എന്നും മലയാളികളോടും മലയാളസിനിമയോടും കടപ്പെട്ടിരിക്കും. മലയാളത്തിലുള്ള ഒരു സംവിധായകന്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ചതുകൊണ്ടാണ് ഞാന്‍ ഇന്ന് ഈ നിലയില്‍ എത്തിയത്. ഞാന്‍ എന്നും തമ്പിസാറിനോട് കടപ്പെട്ടിരിക്കും. മേയ് ഏഴിനാണ് ഞാന്‍ ആക്ഷന്‍ ഡയറക്ടറായത്. എല്ലാ വര്‍ഷവും മേയ് ഏഴിന് ഞാന്‍ അദ്ദേഹത്തിന് മെസേജ് അയയ്ക്കാറുണ്ട്. രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഇവിടെ കുടുംബസമേതം എത്തിയപ്പോള്‍ തമ്പിസാറിനെ കണ്ടിരുന്നു. കൊച്ചിയില്‍നിന്ന് പോകുന്നതിനുമുന്‍പ് ഒരുമിച്ച് അത്താഴം കഴിച്ചാണ് മടങ്ങിയത്. എന്നും മനസ്സില്‍ നില്‍ക്കുന്ന ഓര്‍മകളാണിത്.

 

മക്കളായ വിക്കിയും സണ്ണിയും ബോളിവുഡിലെ അറിയപ്പെടുന്ന താരങ്ങളാണ്. സിനിമയിലേക്ക് ഇറങ്ങിയപ്പോള്‍ അവര്‍ക്ക് നല്‍കിയ ഉപദേശം എന്താണ്?

 

എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചതുതന്നെയാണ് ഞാന്‍ മക്കള്‍ക്കും പകര്‍ന്നുനല്‍കിയത്. ജീവിതവിജയം നേടുമ്പോള്‍ നമുക്ക് കിട്ടുന്നത് അധികാരവും ആധിപത്യവുമല്ല, മറിച്ച് എളിമയാണ്. ഈശ്വരന്‍ നമുക്ക് വിജയം തരുമ്പോള്‍ അധികാരചിന്തയും വരാം ഉത്തരവാദിത്വചിന്തയും വരാം. രണ്ടാമത്തെ ചിന്ത നമ്മളെ വിനയമുള്ളവരായി തുടരാന്‍ സഹായിക്കും. അവര്‍ അത് മനസ്സില്‍ കൊണ്ടുനടക്കുന്നുണ്ട്.
Comments

COMMENTS

error: Content is protected !!