ചികിത്സ തുടങ്ങാം. മുഹമ്മദിൻ്റെ മരുന്നിന് നികുതി ഒഴിവാക്കി
സ്‌പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) രോഗം ബാധിച്ച മട്ടന്നൂർ സ്വദേശി ഒന്നരവയസുകാരൻ മുഹമ്മദിന്റെ ചികിത്സക്കുള്ള മരുന്നിന് ഇറക്കുമതി ചുങ്കവും നികുതിയും ഒഴിവാക്കി.
ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കിയതായി ലോക്‌സഭാ എംപി ഇ.ടി മുഹമ്മദ് ബഷീർ അറിയിച്ചു.
എസ്എംഎ രോഗത്തിനുള്ള മരുന്നിന് ഇറക്കുമതി ചുങ്കവും ജിഎസ്ടിയും അടക്കം 18 കോടിയോളം രൂപയാണ് ചിലവ് പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിൽ നികുതിയളവ് നൽകണമെന്ന് അഭ്യർത്ഥിച്ച് കുട്ടിയുടെ കുടുംബം എംപി വഴി ധനമന്ത്രി നിർമല സീതാരാമനെ സമീപിച്ചിരുന്നു. അതിനു പിന്നാലെയാണ് സർക്കാർ നടപടി. നികുതി ഇളവ് ലഭിക്കുമ്പോൾ മരുന്നിന്റെ വിലയിൽ ഏകദേശം ആറ് കോടിയോളം രൂപയുടെ കുറവ് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
മുഹമ്മദിന്റെ രോഗ വിവരം വാർത്തകളിലൂടെ പുറത്തുവന്നതോടെ നിരവധിപേരാണ് സഹായവുമായി എത്തിയത്. മലയാളികൾ അകമഴിഞ്ഞു സഹായിച്ചപ്പോൾ 46.78 കോടി രൂപയാണ് അക്കൗണ്ടിൽ എത്തിയത്. മുഹമ്മദിന്റെയും സമാന രോഗമുള്ള സഹോദരി അഫ്രയുടെയും ചികിത്സയ്ക്ക് പണം ഉപയോഗിച്ച ശേഷം ബാക്കി തുക എസ്എംഎ രോഗം ബാധിച്ച മറ്റു കുട്ടികൾക്കായി ചിലവിടാനാണ് മുഹമ്മദ് ചികിത്സാ കമ്മിറ്റിയുടെടെയും കുടുംബത്തിന്റെയും തീരുമാനം.