നഗരസഭയുടെ നിർദ്ദിഷ്ട കണ്ടൽ പാർക്ക് പ്രദേശത്തേക്ക് ഒന്ന് വരൂ. ഏത് പരിസ്ഥിതി സ്നേഹിയുടേയും കണ്ണ് നിറയും

“ഭരണാധികാരികളുടെ പൊള്ളയായ പ്രഖ്യാപനങ്ങൾക്കും ആത്മാർത്ഥതയില്ലാത്ത വാക്കുകൾക്കും കൂടുതൽ വലിയ അന്വേഷണങ്ങളൊന്നും ആവശ്യമില്ല. ഇന്ന് (ജൂൺ അഞ്ച്) കാലത്ത് നശിപ്പിച്ചു കൊണ്ടിരിക്കുന്ന കണ്ടൽ കാടുകളുടെ പടമെടുക്കാൻ ഇറങ്ങിയതായിരുന്നു. കണ്ടത് അന്യസംസ്ഥാന തൊഴിലാളികളെ വെച്ച് കണ്ടലുകൾ വെട്ടിയടുക്കുന്നതും തീയിട്ട് കത്തിക്കുന്നതുമാണ്. അപ്പുറത്ത് നഗരസഭ സ്ഥാപിച്ച ബോർഡുകണ്ട്. “കണ്ടൽ മരങ്ങൾ വെട്ടിനശിപ്പിക്കുന്നത് ശിക്ഷാർഹമാണ്.”. ചിലതൊക്കെ ആരോ പിഴുത് കളഞ്ഞിട്ടുണ്ട്. മദ്യപസംഘങ്ങൾക്കും ചീട്ടുകളി സംഘങ്ങൾക്കും പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് കളിക്കാനും കുടിക്കാനും മീൻ പിടിക്കാനുമൊക്കെ, ആരും കണാതെ മരങ്ങൾക്കിടയിലൂടെ നൂണ്ട് കയറി അകത്ത് സുഖമായിരിക്കാനുള്ള താവളങ്ങൾ ഒരുക്കിയിട്ടുണ്ട്. അപ്പുറത്ത് കണ്ടൽ വെട്ടിനശിപ്പിക്കുന്നവരെ ശിക്ഷിക്കും എന്ന് പ്രഖ്യാപിക്കുന്ന ഒരു യുവജനസംഘടനയുടെ ബോർഡ് ആരോ പിഴുതെടുത്ത് ചളിയിലേക്ക് വലിച്ചെറിഞ്ഞിട്ടുണ്ട്. വെള്ളത്തിലും കരയിലും റോഡിലുമൊക്കെ മാലിന്യക്കൂമ്പാരങ്ങൾ ദുർഗന്ധം വമിച്ച് ഈച്ചയാർത്ത് കിടക്കുന്നുണ്ട്.”

ലോക പരിസ്ഥിതി ദിനം സ്പെഷ്യൽ ഫീച്ചർ

എൻ വി ബാലകൃഷ്ണൻ

ജൂൺ അഞ്ചിന്ന് ലോക പരിസ്ഥിതി ദിനത്തിൽ കൊയിലാണ്ടി നഗരസഭയിലെ നിർദ്ദിഷ്ട കണ്ടൽ പാർക്ക് പ്രദേശത്തു നിന്നുള്ള കാഴ്ചകൾ ഏത് പരിസ്ഥിതി സ്നേഹിയുടേയും കണ്ണ് നിറക്കും. ഭരണാധികാരികളുടെ പൊള്ളയായ പ്രഖ്യാപനങ്ങൾക്കും ആത്മാർത്ഥതയില്ലാത്ത വാക്കുകൾക്കും കൂടുതൽ വലിയ അന്വേഷണങ്ങളൊന്നും ആവശ്യമില്ല. ഇന്ന് (ജൂൺ അഞ്ച്) കാലത്ത് നശിപ്പിച്ചു കൊണ്ടിരിക്കുന്നു കണ്ടൽ കാടുകളുടെ പടമെടുക്കാൻ ഇറങ്ങിയതായിരുന്നു. കണ്ടത് അന്യസംസ്ഥാന തൊഴിലാളികളെ വെച്ച് കണ്ടലുകൾ വെട്ടിയടുക്കുന്നതും തീയിട്ട് കത്തിക്കുന്നതുമാണ്. അപ്പുറത്ത് നഗരസഭ സ്ഥാപിച്ച ബോർഡുകണ്ട്. “കണ്ടൽ മരങ്ങൾ വെട്ടിനശിപ്പിക്കുന്നത് ശിക്ഷാർഹമാണ്.”. ചിലതൊക്കെ ആരോ പിഴുത് കളഞ്ഞിട്ടുണ്ട്.

മദ്യപസംഘങ്ങൾക്കും ചീട്ടുകളി സംഘങ്ങൾക്കും പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് കളിക്കാനും കുടിക്കാനും മീൻ പിടിക്കാനുമൊക്കെ, ആരും കണാതെ മരങ്ങൾക്കിടയിലൂടെ നൂണ്ട് കയറി അകത്ത് സുഖമായിരിക്കാനുള്ള താവളങ്ങൾ ഒരുക്കിയിട്ടുണ്ട്. അപ്പുറത്ത് കണ്ടൽ വെട്ടിനശിപ്പിക്കുന്നവരെ ശിക്ഷിക്കും എന്ന് പ്രഖ്യാപിക്കുന്ന ഒരു യുവജനസംഘടനയുടെ ബോർഡ് ആരോ പിഴുതെടുത്ത് ചളിയിലേക്ക് വലിച്ചെറിഞ്ഞിട്ടുണ്ട്. വെള്ളത്തിലും കരയിലും റോഡിലുമൊക്കെ മാലിന്യക്കൂമ്പാരങ്ങൾ ദുർഗന്ധം വമിച്ച് ഈച്ചയാർത്ത് കിടക്കുന്നുണ്ട്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നഗരസഭയുടെ പ്രഖ്യാപനങ്ങൾക്കൊന്നും ഒരു കുറവുമില്ല. ഇത്തവണത്തെ ബഡ്ജറ്റിലും പുട്ടിന് തേങ്ങയിടുന്ന പോലെ, പ്രകൃതി സംരക്ഷണത്തിന്റെ, വിശഷിച്ച് കണ്ടൽ സംരക്ഷണത്തിന്റെ, കണ്ടൽ പാർക്ക് സ്ഥാപിക്കുന്നതിന്റെയൊക്കെ പ്രഖ്യാപനങ്ങളുണ്ട്. ‘സത്യാനന്തര സമൂഹം,( Post Trouth Society) എന്ന വാക്കിന്റെ അർത്ഥമറിയാൻ നിങ്ങൾ പാഴൂർ പടിവരേയൊന്നും പോകേണ്ടതില്ല. കൊയിലാണ്ടി നഗരസഭയുടെ നിർദ്ദിഷ്ട കണ്ടൽ പാർക്ക് പ്രദേശത്ത് വെറുതെ ഒന്ന് ചുറ്റിത്തിരിഞ്ഞാൽ മതി.

ഇനി അല്പം പഴയ കാലത്തിലേക്ക്. ഞങ്ങൾ അന്നത്തെ ചെറുപ്പക്കാർക്ക് ഒരു പരിസ്ഥിതി സംഘടനയുണ്ടായിരുന്നു. ‘സാംസ നേച്ചർ ക്ലബ്ബ്’ എന്നായിരുന്നു പേര്. എൻ വി മുരളി സെക്രട്ടറിയും ഞാൻ പ്രസിഡണ്ടും. ആ സംഘടനയുടെ നേതൃത്വത്തിൽ ധാരാളം പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അണേലപുഴയോരത്തെ കണ്ടൽവനങ്ങൾ സംരക്ഷിക്കാനാവശ്യമായ പ്രവർത്തനങ്ങൾക് തുടക്കമിട്ടത് ഈ സംഘടനയാണ്. കണ്ടൽവനങ്ങൾ വെട്ടിനശിപ്പിക്കുന്നത് നേരിട്ട് തടയലായിരുന്നു ആദ്യപരിപാടി. മണ്ണിട്ട് നികത്തലും പല തവണ തടഞ്ഞു. പ്രദേശവാസികളെ സംഘടിപ്പിച്ച് ഒട്ടനവധി ബോധവൽക്കരണ ക്ലാസുകളും മറ്റ് പരിപാടികളും നടത്തി. കെ ദാസൻ നഗരസഭാ അദ്ധ്യക്ഷനായിരുന്നപ്പോൾ പാർട്ടി നഗരസഭാ സബ്കമ്മറ്റിയുടെ കൺവീനറായി പ്രവർത്തിക്കാനവസരം ലഭിച്ചു. ആ കമ്മററിയാണ് കണ്ടൽപാർക്ക് എന്ന ആശയം മുന്നോട്ട് വെച്ചത്. “ഏഷ്യയിലെ ആദ്യത്തെ കണ്ടൽ പാർക്ക് ഇതാ കൊയിലാണ്ടി നഗരസഭയിൽ വരുന്നൂ” എന്നായിരുന്നു പ്രചാരണം. നഗരസഭ തുടർച്ചയായ വർഷങ്ങളിൽ ഇതിന്റെ പേരിൽ അവാർഡുകൾ വാരിക്കൂട്ടി. കണ്ടൽ മ്യൂസിയം, ഓരുജല അക്വേറിയം, സഞ്ചാരികൾക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും കണ്ടൽകാടുകൾ പെഡൽ ബോട്ടുകളിലോ, നാടൻ തോണികളിലോ സഞ്ചരിച്ച് കാണാനുള്ള സൗകര്യം, ജൈവവൈവിധ്യ സംരക്ഷണ പാർക്ക്, കണ്ടൽ വനവിഭവശേഖരണവും സംസ്കരണവും, പഠനകേന്ദ്രം, കോൺഫറൻസ് ഹാൾ പരിസ്ഥിതി,സാംസ്കാരിക പരിപാടികൾ ഒക്കെ ചേർന്ന വിശദമായ പദ്ധതി രൂപരേഖ(ഡി പി ആർ) തയാറാക്കി സർക്കാരിനും വനം വകുപ്പിനുമൊക്കെ സമർപ്പിച്ചു. 

 പ്രചാരണത്തിനപ്പുറം പ്രായോഗിക പ്രവർത്തനങ്ങൾക്കൊന്നും നഗരസഭാ സാരഥികളുടെ ഭാഗത്ത് നിന്ന് വലിയ മുൻകൈ ഉണ്ടായില്ല. ബഡ്ജറ്റിൽ മാറ്റിവെച്ച തുകയുപയോഗിച്ച് ആണേല പുഴയോരത്ത് അംഗൻവാടി കെട്ടിടം പോലൊന്ന് പണിതതല്ലാതെ മറ്റൊന്നും ആ പത്ത് കൊല്ലക്കാലം കൊണ്ട് നടന്നില്ല. കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളമായത് മിച്ചം. പിന്നീട് കെ ശാന്ത നഗരസഭാ ചെയർപേഴ്സണായി വന്നതോടെ കണ്ടൽ പാർക്കായി മാറ്റേണ്ട 100 ഏക്കർ ഭൂമിയുടെ  സ്കെച്ചും അനുബന്ധ രേഖകളും തയ്യാറാക്കി. സ്ഥലം അക്വയർ ചെയ്യാനുള്ള അനുമതിക്കും പണത്തിനുമായി കേന്ദ്രസംസ്ഥാന സർക്കാരുകളെ സമീപിച്ചെങ്കിലും അനുകൂലമായ നടപടിയുണ്ടായില്ല. പരിസ്ഥിതി പ്രവർത്തകൻ എന്ന മേൽവിലാസത്തിൽ ദില്ലിയിലേയും തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും ഓഫീസുകളിൽ ഈയുള്ളവനും ഒരു പാട് തവണ കയറി ഇറങ്ങി. ഇതിനിടയിൽ കണ്ടലുകൾ വെട്ടിനശിപ്പിക്കുന്നതും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും മണ്ണിട്ടു നികത്തുന്നതുമൊക്കെ നഗരസഭ ശക്തമായി ഇടപെട്ട് തടഞ്ഞു. നാറുന്ന ബിരിയാണി അവശിഷ്ടങ്ങൾക്കിടയിൽ ചിക്കിചികഞ്ഞ്, കൊണ്ടിട്ടവരെക്കുറിച്ചുള്ള സൂചനകൾ കണ്ടെത്തി, മാലിന്യം തിരികെ എടുപ്പിക്കുകയും പിഴ അടപ്പിക്കുകയുമൊക്കെ ചെയ്തു. പ്രചാരണ പരിപാടികൾ ശക്തമാക്കി. കല്ലേൻ പൊക്കുടൻ പല തവണ ഇവിടെ സന്ദർശിച്ച് കണ്ടൽ ചെടികളുടെ ലിസ്റ്റ് തയാറാക്കി, കേരളത്തിൽ ഏറ്റവും കൂടുതൽ തരം ചെടികളുള്ള ഒരു പ്രദേശമാണിതെന്ന് അദ്ദേഹം അധികൃതരെ അറിയിച്ചു. ബോധവൽക്കരണ പരിപാടികൾ നടത്തി. 

 

ഭൂമി ഏറ്റെടുത്താൽ തങ്ങൾക്ക് പ്രതിഫലം കിട്ടും എന്ന് വന്നതോടെ സ്ഥലമുടമകളും സഹകരിച്ചു. ഊരാളുങ്കൽ സൊസൈറ്റിയെ കൊണ്ട് ടോട്ടൽ സ്റ്റേഷൻ നപടികൾ പൂർത്തിയാക്കിച്ചു. പുഴയോരത്തെ കെട്ടിടത്തിന്റെ സൗന്ദര്യവൽക്കരണത്തിന് തുക നീക്കിവെച്ച്, അതും പൂർത്തിയാക്കി. എന്നാൽ അക്വസിഷൻ നടപടികൾ മുന്നോട്ട് പോകാതായതോടെ കാര്യങ്ങൾ പ്രതിസന്ധിയിലായി. കോഴിക്കോട് സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ വന്ന് കണ്ടൽ ചെടികളെ കുറിച്ചുള്ള പഠനങ്ങൾ തയാറാക്കി. അവിടത്തെ യുവശാസ്ത്രജ്ഞനായ ജാഫർ പാലോട്ട് ഈ പ്രദേശം സാമൂഹ്യവനവൽക്കരണ വകുപ്പിന്റെ കീഴിൽ കണ്ടൽ വനമായി സംരക്ഷിക്കാനുള്ള പദ്ധതി തയാറാക്കി. 

അത് നടപ്പിലായിരുന്നെങ്കിൽ അക്വയർ ചെയ്യാതെ തന്നെ വനം സംരക്ഷിക്കപ്പെടുമായിരുന്നു. ഭൂഉടമകൾക്ക് ഭൂമിവിട്ടു നൽകാതെ തന്നെ സാമ്പത്തിക സഹായം ലഭിക്കുകയും ചെയ്യും. കൃഷിചെയ്യുവാനും കണ്ടൽ വിഭവശേഖരണം നടത്തി സംസ്കരിച്ച് വരുമാനം ഉണ്ടാക്കാനുള്ള സഹായവും കർഷകർക്ക് ലഭിക്കും. അതോടൊപ്പം ഭൂമിയും മറ്റ് സ്വത്തുവകകളും വനം വകുപ്പിന്റെ നേതൃത്വത്തിൽ നഗരസഭയുടെ നിയന്ത്രണത്തിലാക്കും. സാമൂഹ്യ വനം വകുപ്പ്, പദ്ധതി ഏറ്റെടുത്ത് നഗരസഭയുടെ സഹകരണത്തോടെ നടപ്പിലാക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം നഗരസഭ ഏകകണ്ഠമായി അംഗീകരിച്ച് വനം വകുപ്പിന് കൈമാറി. അതനുസരിച്ചുള്ള നടപടികൾ പൂർത്തിയാകുന്നതിനിടയിൽ പുതിയ ഭരണസമിതി നിലവിൽ വന്നു. 

 

പിന്നീട് വനം വകുപ്പ് പല തവണ ഓർമ്മിപ്പിച്ചിട്ടും നഗരസഭയുടെ ഭാഗത്ത് നിന്ന് തുടർ നടപടികളൊന്നുമുണ്ടായില്ല. കഴിഞ്ഞ എട്ടു വർഷമായി ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ മുറപോലെ നടത്തുന്നതല്ലാതെ മറ്റൊരു നടപടിയുമില്ല. സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ചുമതലപ്പെട്ടവരും വനം വകുപ്പുകാരും നേരിട്ടെത്തി നഗരസഭാ അധികാരികളെ കണ്ടെങ്കിലും തുടർനടപടികൾക്ക് അവർ താല്പര്യമെടുത്തില്ല. ഇതിനിടയിൽ ഇക്കാര്യങ്ങൾക്ക് മുൻകൈ എടുത്ത യുവശാസ്ത്രജ്ഞൻ, ജാഫർ പാലോട്ട് കോഴിക്കോട് നിന്ന് പൂനയിലേക്ക് സ്ഥലം മാറിപ്പോയതോടെ എല്ലാം നിശ്ചലമായി. പ്രാദേശിക ഭരണകക്ഷി നേതാക്കൾ കണ്ടൽ നശീകരണത്തിന് എല്ലാ ഒത്താശയും ചെയ്യുന്നു. കണ്ടൽ വെട്ടി നശിപ്പിച്ച് അവിടെ പൊക്കാളി കൃഷി നടത്തും എന്നൊക്കെ പ്രഖ്യാപനങ്ങളുണ്ടായി.

ഇപ്പോൾ ആരുടെയൊക്കയോ താവളമായി പുഴയോരത്തെ കെട്ടിടം പൊടി നിറഞ്ഞ് കാട് കയറി കിടക്കുന്നുണ്ട്. ദുർഗന്ധം കൊണ്ട് അത് വഴി കടന്നുപോകാൻ കഴിയാത്ത വിധം കണ്ടൽ മേഖലയാകെ മാലിന്യ നിക്ഷേപ കേന്ദ്രമായിത്തീർന്നു. സ്വകാര്യ വ്യക്തികൾ 
വൻതോതിലാണ് കണ്ടൽക്കാടുകൾ വെട്ടിനശിപ്പിക്കുന്നതും കത്തിക്കുന്നതും. മണ്ണിട്ട് നികത്തലുകളും നിർബാധം നടക്കുന്നു. നഗരസഭ ഇതൊന്നും അറിഞ്ഞതായിപ്പോലും നടിക്കുന്നില്ല. അപ്പുറത്ത് നഗരസഭയുടെ പരിസ്ഥിതി ദിനാഘോഷം പൊടിപൊടിക്കുന്നുണ്ട്. സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ട പ്രദേശത്തെ യുവജന സംഘടനകൾ ഗാഡമായ ഉറക്കത്തിലാണ്; അല്ലെങ്കിൽ കത്തിക്കുന്നവർക്കു വേണ്ടി ഉറക്കം നടിക്കുകയാണ്. ഏഷ്യയിലെ ആദ്യത്തെ കണ്ടൽ പാർക്ക് എന്ന ആശയം ഈ കണ്ടൽക്കാടുകൾക്കിടയിലെവിടെയോ ചിഞ്ഞ് കെട്ട് കിടപ്പുണ്ട്. നിങ്ങൾ കെല്ലാവർക്കും ഹൃദയം നിറഞ്ഞ പരിസ്ഥിതിദിനാശംസകൾ.

Comments

COMMENTS

error: Content is protected !!