ചിന്നക്കനാലിൽ നിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ വീണ്ടും കുമളി ടൗണിന് സമീപം എത്തിയതായി സൂചന
പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരി കൊമ്പൻ കാട്ടാന കുമളി ടൗണിന് ആറ് കിലോമീറ്റർ അകലെ വരെ എത്തിയതിനുശേഷം ആനയെ തുറന്നു വിട്ട മേദകാനം ഭാഗത്തേക്ക് തന്നെ മടങ്ങി.
ജിപിഎസ് കോളറിൽ നിന്ന് ലഭിച്ച സിഗ്നലുകളിൽ നിന്നാണ് അരിക്കൊമ്പൻ കുമളി ടൗണിന് 6 കിലോമീറ്റർ അകലെ വരെ എത്തിയെന്ന് വ്യക്തമായത്. കാടിനുള്ളിൽ ആന കിലോമീറ്ററുകളോളം സഞ്ചരിക്കുന്നതിന്റെ ഭാഗമായി മാത്രം കുമളി ടൗണിന് സമീപം വന്നതിനെ കണ്ടാൽ മതി എന്നാണ് വനം വകുപ്പിൻ്റെ വിശദീകരണം. ഒരു സംഘം വനപാലകർ കാടിനുള്ളിൽ അരികൊമ്പനെ നിരീക്ഷിക്കുന്നുണ്ട്. തേക്കടിയിലെ നിരീക്ഷണ കേന്ദ്രത്തിൽ ജിപിഎസ് സിഗ്നലുകൾ പരിശോധിക്കുന്നതും തുടരുകയാണ്. അവസാനം സിഗ്നൽ ലഭിക്കുമ്പോൾ മേതകാനം ഭാഗത്താണ് അരികൊമ്പൻ ഉള്ളത്.
തമിഴ്നാട് വനമേഖലയിൽ നിന്ന് തിരിച്ചെത്തിയ ആന കഴിഞ്ഞ കുറച്ചു ദിവസമായി പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ തന്നെ തുടരുന്നു. വേണ്ടത്ര തീറ്റയും വെള്ളവും ലഭ്യമായതിനാൽ ഇവിടെത്തന്നെ നിൽക്കും എന്നാണ് കണക്കുകൂട്ടൽ.