പാലാരിവട്ടം പാലം അഴിമതി; വിജിലൻസ്‌ ഹൈവേ എൻജിനിയർ സമിതിയുടെ സഹായം

തിരുവനന്തപുരം > നിർമാണത്തിലെ അപാകതകാരണം തകർന്ന പാലാരിവട്ടം മേൽപ്പാലം ഇന്ത്യൻ റോഡ്‌ കോൺഗ്രസ്‌ (ഐആർസി) വിദഗ്‌ധ സംഘം പരിശോധിച്ചു. വിജിലൻസ്‌ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം വിദഗ്‌ധാഭിപ്രായം കൈമാറാനാണിത്‌. രാജ്യത്തെ ഹൈവേ എൻജിനിയർമാരുടെ ഉന്നത സമിതിയാണ്‌ ഐആർസി.

 

രണ്ട്‌ ദിവസംമുമ്പാണ്‌ പ്രമുഖ എൻജിനിയർ പഥൻഖറിന്റെ നേതൃത്വത്തിൽ  ഐആർസി എൻജിനിയർമാർ  കൊച്ചിയിലെത്തിയത്‌. അന്വേഷണത്തിന്‌ നേതൃത്വം നൽകുന്ന  വിജിലൻസ്‌ എസ്‌പി വിനോദും  പരിശോധനയിൽ കൂടെയുണ്ടായി. ഐആർസി  റിപ്പോർട്ട്‌ വിജിലൻസ്‌ കോടതിയിൽ നൽകും. ഇതിനായി ഐആർസിയുടെ ഒരു സംഘംകൂടി അടുത്ത ദിവസം പരിശോധനയ്‌ക്ക്‌ എത്തും.പൊതുമരാമത്ത്‌ വകുപ്പ്‌, റോഡ്‌ ഫണ്ട്‌ ബോർഡ്‌, റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ കോർപറേഷൻ എന്നിവയിൽനിന്ന്‌ വിജിലൻസ്‌ പിടിച്ചെടുത്ത  രേഖയും സംഘം പരിശോധിച്ചു.

 

അതിനിടെ, കരാർ കമ്പനിയായ ആർഡിഎസ്‌ പ്രോജക്ട്‌ എംഡി സുമിത്‌ ഗോയലിൽനിന്ന്‌  രണ്ട്‌ ലാപ്‌ടോപ്‌കൂടി വിജിലൻസ്‌ പിടിച്ചെടുത്തു. ഇതിന്റെ ഹാർഡ്‌ ഡിസ്‌ക്ക്‌  പരിശോധനയ്‌ക്കായി  ഫോറൻസിക്‌ സയൻസ്‌ ലാബിന്‌ കൈമാറി.  ഇതിൽ  3,22,000 ഡാറ്റയുണ്ട്‌. സുമിത്‌ ഗോയലിൽനിന്ന്‌ നേരത്തെ പേഴ്‌സണൽ ലാപ്‌ടോപ്‌ വിജിലൻസ്‌ പിടിച്ചെടുത്തിരുന്നു. ഇത്‌ സിഡാക്കിൽ പരിശോധിച്ചുവരികയാണ്‌. ക്രമക്കേടിൽ പങ്കുള്ളതായി വിജിലൻസ്‌ കണ്ടെത്തിയ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുത്ത്‌ വിശദമായി ചോദ്യംചെയ്യാനാണ്‌ വിജിലൻസ്‌ തീരുമാനം. ഇതിന്‌ സർക്കാർ ഗവർണറുടെ അനുമതി തേടി.  ഗവർണർ ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറിയിൽനിന്ന്‌ കൂടുതൽ വിവരങ്ങൾ ശേഖരിച്ചിരുന്നു.
Comments

COMMENTS

error: Content is protected !!