ചില്‍ഡ്രന്‍സ് ഹോമുകളിലെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തും. മന്ത്രി മുഹമ്മദ് റിയാസ്
ഗവ.ചില്‍ഡ്രന്‍സ് ഹോമില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കെട്ടിടത്തിന്റെ അറ്റകുറ്റപണികളും, കുട്ടികള്‍ക്ക് കളിക്കാനുളള സാഹചര്യങ്ങളുമെല്ലാം ഒരുക്കേണ്ടതുണ്ട്. അത് ഉടന്‍ പൂര്‍ത്തിയാക്കും. മറ്റുള്ള കാര്യങ്ങളെല്ലാം വനിതാ ശിശുക്ഷേമ വകുപ്പുമായി ബന്ധപ്പെട്ടതാണ്.
വകുപ്പുമായി ആലോചിച്ച് വേണ്ട കാര്യങ്ങള്‍ ഉടന്‍ ചെയ്ത് തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് വെള്ളിമാട് കുന്നിലെ ഗവ.ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ ചാടിപ്പോയ സംഭവത്തിന് ശേഷം സ്ഥലം സന്ദര്‍ശിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.
ഇതിനിടെ ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കെയറിനുമെതിരെ വിഷയത്തില്‍ ജാഗ്രത കുറവുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വകുപ്പ് തല നടപടി സ്വീകരിച്ചിരുന്നു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടിയുണ്ടായത്. വനിത ശിശുവികസന വകുപ്പ് ഹോമില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. സൂപ്രണ്ടിനെ സ്ഥലം മാറ്റിയിട്ടുമുണ്ട്.