യുക്രൈനിൽ പട്ടാളനിയമം പ്രഖ്യാപിച്ച് പ്രസിഡന്റ് വ്‌ളാദ്മിർ സെലെൻസ്‌കി

യുക്രൈൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തിയത് ചൂണ്ടിക്കാട്ടി പ്രസിഡണ്ട് വ്‌ളാദ്മിർ സെലെൻസ്‌കി പട്ടാള നിയമം പ്രഖ്യാപിച്ചു.  പ്രത്യാക്രമണത്തിൽ 50 റഷ്യൻ സൈനികരെ വധിച്ചതായും നാല് ടാങ്കറുകളും ആറ് റഷ്യൻ വിമാനങ്ങളും തകർക്കുകയും ചെയ്തതായി യുക്രൈൻ അവകാശപ്പെട്ടു.

ഖാർകീവ് നഗരത്തിന്റെ കിഴക്ക് ഭാഗത്താണ് യുക്രൈന്റെ പ്രത്യാക്രമണമുണ്ടായത്. ഇവിടെ പാതയോരത്തുണ്ടായിരുന്ന നാല് റഷ്യൻ ടാങ്കറുകൾ തകർത്തു. ലുഹാൻസ്‌ക് നഗരത്തിനടുത്ത് 50 റഷ്യൻ സൈനികരെ വധിച്ചുവെന്നും ആറാമത്തെ റഷ്യൻ യുദ്ധവിമാനം കൂടി തകർത്തിട്ടെന്നും യുക്രൈൻ വെളിപ്പെടുത്തി.

ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് സെലെൻസ്‌കി സൈനിക നിയമം പ്രഖ്യാപിച്ചത്. ഡോൺബാസ് മേഖലയിൽ പ്രത്യേക സൈനിക ഓപറേഷൻ ആരംഭിച്ച വിവരവും വിഡിയോയിൽ അദ്ദേഹം അറിയിച്ചു. അതിർത്തിയിലെ റഷ്യൻ സൈനികരെയും സൈനികതാവളങ്ങളെയും ലക്ഷ്യമിട്ടാണ് യുക്രൈന്റെ പ്രത്യാക്രമണം. പൗരന്മാരോട് വീടുകളിൽ തന്നെ കഴിയാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഭീതിപ്പെടേണ്ട ആവശ്യമില്ലെന്നും പ്രസിഡന്റ് അറിയിച്ചു.

വിഡിയോയിൽ റഷ്യയുടെ ആക്രമണവിവരം യുക്രൈൻ ആദ്യമായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാവിലെ യുക്രൈനുനേരെ റഷ്യ പുതിയ സൈനികനീക്കം ആരംഭിച്ചിരിക്കുകയാണെന്ന് സെലെൻസ്‌കി പറഞ്ഞു. തീർത്തും അടിസ്ഥാനരഹിതവും നിന്ദ്യവുമായ അധിനിവേശമാണ് റഷ്യ നടത്തുന്നത്. യുക്രൈന്റെ മാത്രമല്ല യൂറോപ്പിന്റെകൂടി ഭാവിയാണ് ഇപ്പോൾ തീരുമാനിക്കപ്പെടാൻ പോകുന്നതെന്നും വിഡിയോ സന്ദേശത്തിൽ വ്‌ളാദ്മിർ സെലെൻസ്‌കി ചൂണ്ടിക്കാട്ടി.

നേരത്തെ, യുക്രൈൻ ഒരു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഭരണകൂടത്തിന് ഏതുനടപടിക്കുമുള്ള സമ്പൂർണ അധികാരത്തോടെയാണ് അടിയന്തരാവസ്ഥ നിലവിൽ വന്നിരിക്കുന്നത്. ഗതാഗതത്തിനും പുറത്തിറങ്ങിയുള്ള സഞ്ചാരങ്ങൾക്കുമെല്ലാം കടുത്ത നിയന്ത്രണമുണ്ടാകും. പട്ടാളനിയമം കൂടി പ്രഖ്യാപിച്ചതോടെ നിയന്ത്രണങ്ങൾ കൂടുതൽ കടുക്കും.

 

Comments

COMMENTS

error: Content is protected !!