ചൂടിൽ കോട്ടയവും പത്തനംതിട്ടയും; കുളിരിനു പകരം ഉഷ്ണിച്ച് കേരളം

 

പത്തനംതിട്ട ∙ കുളിരു പെയ്യേണ്ട ധനുമാസം. പക്ഷെ കനത്ത ചൂടിലും ഉഷ്ണത്തിലും പുകയുകയാണു കേരളത്തിലെ നഗരങ്ങൾ. പുതുവർഷം പിറന്നതിനു ശേഷമുള്ള ഏറ്റവും കൂടിയ താപനിലയായ 36.5 ഡിഗ്രി സെൽഷ്യസ് ഇന്നലെ കോട്ടയത്ത് രേഖപ്പെടുത്തി. കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണ സംവിധാനമില്ലെങ്കിലും പത്തനംതിട്ടയിൽ 36 ഡിഗ്രിവരെയാണു താപനില. വിവിധ സ്ഥലങ്ങളിലെ താപനില: കൊച്ചി (സിയാൽ) വിമാനത്താവളം 35.9, ആലപ്പുഴ – 35. 6, കോഴിക്കോട് – 35.5, കണ്ണൂർ – 35.2, പുനലൂർ – 35. മംഗളൂരു പോലെ തീരത്തോടു ചേർന്നു കിടക്കുന്ന നഗരങ്ങളിൽ ഇത് 37.8 ഡിഗ്രി വരെയായി ഉയർന്നു. പുനലൂരിലാണു ഏറ്റവും കുറഞ്ഞ താപനില – 20 ഡിഗ്രി.

കോട്ടയം ഉൾപ്പെടെ മിക്ക ജില്ലകളിലും 22 ഡിഗ്രിക്കും മുകളിലാണ് കുറഞ്ഞ താപനില. പാലക്കാട്ട് ഇത് 25.4 വരെയുണ്ട്. ശരാശരി താപനില 20 ഡിഗ്രിക്കു താഴേക്കു വരുമ്പോഴാണു രാവിലെ തണുപ്പും കുളിരും അനുഭവപ്പെടുക. പക്ഷെ ജനുവരി ആയിട്ടും കേരളത്തിൽ ഇതുവരെ കാര്യമായ തണുപ്പില്ല. മറിച്ച് രാത്രികാലങ്ങളിൽ നല്ല ഉഷ്ണവും. മാർച്ച് – ഏപ്രിൽ മാസങ്ങളിലെ ഉഷ്ണകാല സമാനമായ കാലാവസ്ഥയാണ് ഇപ്പോൾ. ഇതിനു പിന്നിൽ 2 ഘടകങ്ങളാണുള്ളതെന്നു ഗവേഷകർ പറയുന്നു.

 

ഒന്ന്: അറബിക്കടലിലെ താപനില ഉയർന്നു നിൽക്കുന്നു. രണ്ട്: തന്മൂലം അന്തരീക്ഷ ആർദ്രതയുടെ (ഹ്യുമിഡിറ്റി) തോത് കൂടി നിൽക്കുന്നു. വരും ദിവസങ്ങളിൽ ആകാശം തെളിയുന്നതോടെ തണുപ്പ് നേരിയ തോതിൽ കൂടാൻ ഇടയുണ്ടെന്നും കാലാവസ്ഥാ വിഭാഗം വിശദീകരിച്ചു. സംസ്ഥാനത്ത് ഒരിടത്തും ശക്തമായ മഴയ്ക്കു സാധ്യതയില്ലെങ്കിലും ചിലയിടങ്ങളിൽ നേരിയ മഴ ലഭിച്ചേക്കാം. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം 4 സെന്റിമീറ്റർ മഴ പെയ്തു.

 

ചൂടു കൂട്ടി കാറ്റിന്റെ ഗതിമാറ്റവും

 

‘അതിശൈത്യമുള്ള വടക്കൻ കാറ്റ്’ പശ്ചിമേഷ്യയിലൂടെ ഇപ്പോൾ കേരളം ഒഴികെ ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളിലും എത്തുന്നുണ്ട്. എന്നാൽ കടൽക്കാറ്റിനു കരയിലേക്കു കയറി വരാൻ കഴിയാത്ത വിധമാണ് കേരള തീരത്തെ കാറ്റിന്റെ ഇപ്പോഴത്തെ രീതി. സൂര്യൻ തെക്കൻ ചായ്‌വിൽ നിൽക്കുന്നതിനാൽ തെക്കോട്ടു ചൂട് കൂടും. ഭൂമധ്യരേഖയോടു ചേർന്നു കിടക്കുന്ന സ്ഥലങ്ങളിലും ചൂടു കൂടും. വടക്കോട്ടു പോകുന്തോറും കുറയും. തുലാമഴ അവസാനിച്ചതോടെ അന്തരീക്ഷം വരണ്ടു. കൂടുതൽ സൂര്യവികിരണം പതിക്കുന്നു. ഇതാണ് കേരളത്തിൽ ചൂടു കൂടാൻ കാരണം’. – ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിലെ സൈക്ലോൺ വാണിങ് ഡിവിഷൻ വിഭാഗം ശാസ്ത്രജ്ഞ എസ്.സുനിതാ ദേവി പറഞ്ഞു.
Comments
error: Content is protected !!