ചെങ്ങോട്ടുകാവ് പി.എച്ച്.സിക്ക് എം.എൽ.എ ഫണ്ടിൽ നിന്നും ഒരു കോടി 20 ലക്ഷം അനുവദിച്ചു

പരാധീനതകളില്‍ വീര്‍പ്പുമുട്ടുന്ന ചെങ്ങോട്ടുകാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മോചനമാകുന്നു. കെ.ദാസന്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി 20 ലക്ഷം രൂപയാണ് പി.എച്ച്.സിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാനായി അനുവദിച്ചത്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച നിലവിലുള്ള കെട്ടിടം ചെറിയ മുറികളോടു കൂടിയതായിരുന്നു. ശരാശരി 200ല്‍ അധികം രോഗികള്‍ ദിവസേന ഒ.പി.യില്‍ ചികിത്സ തേടിയെത്തുന്ന അവസ്ഥയില്‍ ഇപ്പോഴത്തെ സൗകര്യങ്ങള്‍ പരിമിതമായിരുന്നു. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ മൂന്ന് പി.എച്ച്.സി.കളും ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രം പ്രവൃത്തികള്‍ പൂര്‍ത്തിയായി ഉദ്ഘാടനം കഴിഞ്ഞു. മൂടാടി പി.എച്ച്.സി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം സജ്ജമായിരിക്കുന്നു. ചെങ്ങോട്ടുകാവില്‍ ഇപ്പോഴത്തെ പ്രധാന കെട്ടിടത്തിന്റെ വടക്കുഭാഗത്തെ കെട്ടിടത്തെ കൂടി ഉള്‍പ്പെടുത്തിയായിരുന്നു നവീകരണം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പൊതുവെ ബലക്ഷയ ലക്ഷണങ്ങള്‍ കാണിച്ച കെട്ടിടത്തിന് ഇക്കഴിഞ്ഞ പ്രളയകാലത്ത് കൂടുതല്‍ ബലക്ഷയം സംഭവിക്കുകയും നവീകരണം അസാധ്യമാവുകയും ചെയ്തു. ചെങ്ങോട്ട്കാവ് പി.എച്ച്.സി യില്‍ സൗകര്യമുള്ള കെട്ടിടത്തിന്റെ അഭാവം കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട പല യോഗങ്ങളിലും ഉയര്‍ന്നു വന്നിരുന്നു. പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ പണം അനുവദിക്കുമെന്ന് യോഗത്തില്‍ എം.എല്‍.എ ഉറപ്പ് നല്‍കിയിരുന്നു. 3800 ചതുരശ്ര അടി വിസ്തൃതിയില്‍ എന്‍.എച്ച്.എം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് പുതിയ കെട്ടിടത്തിന്റെ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. പുതിയ കെട്ടിടത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തിനുതകുന്ന വിധം രണ്ട് ഒ.പി പരിശോധന മുറികള്‍, വലിയ നിരീക്ഷണമുറി, ലാബ്, ഡ്രസ്സിംഗ് റൂം, നേഴ്‌സിംഗ് സ്റ്റേഷന്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഉണ്ടാവും. പുതിയ കെട്ടിടത്തിന് വയല്‍ പ്രദേശമായതിനാല്‍ പൈലിംഗ് ആവശ്യമായി വരുന്നുണ്ട്. ഭാവിയില്‍ മുകളിലേക്ക് നിര്‍മ്മിക്കാനാകും വിധമാണ് പ്ലാന്‍ രൂപപ്പെടുത്തിയിട്ടുള്ളത്. എല്‍.എസ്.ജി.ഡി എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേല്‍ നോട്ടത്തില്‍ കേരള സിഡ്‌കൊവിനാണ് നിര്‍മ്മാണ ചുമതല.

Comments

COMMENTS

error: Content is protected !!