ചെട്ടികുളം – പെരുന്തുരുത്തി മേഖലകളെ ബന്ധിപ്പിക്കുന്ന പെരുന്തുരുത്തി നടപ്പാലം പൊളിച്ചു നീക്കാനുള്ള അധികൃതരുടെ നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി നാട്ടുകാര്‍
എലത്തൂർ: 2020 ജൂണ്‍ 17 ന് യാത്രക്കായി തുറന്നു കൊടുത്ത ചെട്ടികുളം പെരുന്തുരുത്തി പാലം, രണ്ട് വര്‍ഷമാകുമ്പോഴേയ്ക്കും പൊളിക്കാൻ തീരുമാനിച്ചത് എന്തിനെന്ന് നാട്ടുകാര്‍ക്ക് മനസ്സിലാകുന്നില്ലെന്ന് വാർഡ് മെമ്പർ ഇ നഫീസ പരാതിപ്പെടുന്നു . ഉള്‍നാടന്‍ ജലഗതാഗതപാതയ്ക്ക് എരഞ്ഞിക്കല്‍ മുതല്‍ കോരപ്പുഴ വരെയുള്ള ഭാഗം ചെളിയെടുത്ത് ആഴം കൂട്ടണമെന്നും പാതയുടെ മാനദണ്ഡങ്ങള്‍ക്ക് ആവശ്യമായ ഉയരവും വീതിയും ഇല്ലാത്ത ഈ നടപ്പാലം പൊളിക്കണമെന്നുമാണ് അധികൃതര്‍ പറയുന്നത്. എങ്കിൽ പിന്നെ ഈ പാലം അന്നിങ്ങനെ നിർമ്മിച്ചതെന്തിന് എന്ന ചോദ്യത്തിന് ഉത്തരമില്ല. പെരുന്തുരുത്തിയില്‍ നിന്നും നടപ്പാലം കയറി റെയില്‍പാത കടന്നാല്‍ ചെട്ടികുളമായി. ഇവിടെ നിന്നും ബസില്‍ കയറിയാല്‍ കൊയിലാണ്ടിയ്ക്കും എലത്തൂരിലേയ്ക്കും എളുപ്പമെത്താം. ഈ പാലമില്ലെങ്കില്‍ ജനങ്ങള്‍ പൂളാടികുന്നിൽ വന്ന് പാവങ്ങാട്ടേയ്ക്ക് ബസ് കയറി അവിടെ നിന്നും മാറിക്കയറണം. ഇരുന്നൂറിലധികം കുടുംബങ്ങളാണ് ദിവസവും 75 അടി മീറ്റര്‍ മാത്രം വീതിയുള്ള ഈ പാലം ഉപയോഗിക്കുന്നത്. എലത്തൂര്‍ സി എം സി ബോയ്സ് ഹൈസ്കൂളിലേയ്ക്കും ഗേള്‍സ് ഹൈസ്കൂളിലേയ്ക്കും വിദ്യാർത്ഥികൾ പോകുന്നത് ഇതു വഴിയാണ്. ഇരുവശത്തുമുള്ള കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ കൊയിലാണ്ടി, കോഴിക്കോട് ഭാഗങ്ങളിലേയ്ക്ക് പോകുന്നതും ഈ പാലം വഴി തന്നെ.
പാലംപൊളിച്ചാല്‍ ഒന്ന്, രണ്ട്, എഴുപത്തിയഞ്ച് എന്നീ വാര്‍ഡുകളിലേയ്ക്കുള്ള കുടിവെള്ള വിതരണവും അവതാളത്തിലാകും. ഈ പാലത്തിന് മുകളിലൂടെയാണ് ഇവിടങ്ങളിലേയ്ക്കുള്ള കുടിവെള്ള പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പാലം അടിയന്തരമായി പൊളിച്ചുനീക്കാന്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയർ കോര്‍പ്പറേഷനിലേക്ക് കത്ത് നല്‍കിയിരിക്കുകയാണ്. ഒന്നേകാല്‍ കോടി ചെലവിൽ വാഹനഗതാഗതം സാദ്ധ്യമാകുന്ന പ്ലാനാണ് ഇറിഗേഷന്‍ സമര്‍പ്പിച്ചത്. പാലം പൊളിച്ച് പണിയുന്ന സമയത്ത് ഗതാഗതത്തിനായി ബദല്‍ സംവിധാനം ഒരുക്കാന്‍ മേയര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും പ്രദേശവാസികള്‍ക്ക് ആശങ്ക ഒഴിയുന്നില്ല. ഇനി കോടികള്‍ മുതല്‍മുടക്കിയുണ്ടാക്കുന്ന പാലം എപ്പോള്‍ വരാനാണെന്നും അതുവരെ എങ്ങനെ ഇരുവാര്‍ഡുകളിലുമെത്തുമെന്നുമാണ് പ്രദേശവാസികള്‍ ചോദിക്കുന്നത്. കഴിഞ്ഞ കൗണ്‍സില്‍ സമയത്ത് പാലം പൊളിക്കുന്നതിന് ബദല്‍ സംവിധാനം വേണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടതാണ്. ഈ പാലം ഇവിടെയില്ലെങ്കില്‍ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാകുമെന്നും എരഞ്ഞിക്കൽ വാർഡ് കൗൺസിലർ ഇ വി സഫീന കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു.