SPECIAL

ചെന്നൈയിലെ വെള്ളമൊക്കെ എവിടെപ്പോയി; കേരളം പേടിക്കേണ്ട സംഭവം ഇങ്ങനെ

വറ്റാത്ത കിണറുകളില്‍ നാട്ടുകാര്‍ നറുക്കിട്ടാണ് വെള്ളമെടുക്കാന്‍ ഊഴം കാത്തിരിക്കുന്നത്. ശുചിമുറികളിലേക്ക് പോലും ജലം ലഭിക്കാനില്ല. നനയും കുളിയും ഒരു ആഡംബരമായി മാറിയിരിക്കുന്നു ചെന്നൈയിലെ ജനതയ്ക്ക്.
ചെന്നൈ: കേന്ദ്രജലകമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം പൂര്‍ണ്ണമായും ജലമില്ലാത്ത അവസ്ഥയിലേക്ക് എത്തിയ ആദ്യ ഇന്ത്യന്‍ നഗരമാണ് ചെന്നൈ. കഴിഞ്ഞ ജൂണ്‍ 13വരെ തമിഴ്നാട്ടില്‍ മഴയിലുണ്ടായ കുറവ് 41 ശതമാനം വരും. 100 ദിവസത്തില്‍ ഏറെ ഒരുതുള്ളി മഴപോലും പെയ്തില്ല എന്നത് തന്നെ ഭീകരമായ അവസ്ഥയാണ്.
ചെന്നൈയിലെ വലിയൊരു ജനവിഭാഗം ഇപ്പോള്‍ ടാങ്കര്‍ ലോറികള്‍ക്കായി കാത്തുനില്‍ക്കുകയാണ്. ദിവസേന ആവശ്യത്തിനുള്ള ജലം ലഭിക്കുന്നത് മുനിസിപ്പാലിറ്റി ഏര്‍പ്പാടാക്കിയ ഈ ടാങ്കറുകളില്‍ നിന്നാണ്. മാധ്യമങ്ങളില്‍ എല്ലാം കുടവുമായി ജലത്തിനായി കാത്തുകെട്ടി നില്‍ക്കുന്ന ജനങ്ങളുടെ ചിത്രങ്ങളാണ്. കുടിക്കാനും പാചകത്തിനും ഉള്ള വെള്ളത്തിനായി ജനങ്ങള്‍ മണിക്കൂറുകള്‍ കാത്തിരിക്കുന്ന കാഴ്ച.
വറ്റാത്ത കിണറുകളില്‍ നാട്ടുകാര്‍ നറുക്കിട്ടാണ് വെള്ളമെടുക്കാന്‍ ഊഴം കാത്തിരിക്കുന്നത്. ശുചിമുറികളിലേക്ക് പോലും ജലം ലഭിക്കാനില്ല. നനയും കുളിയും ഒരു ആഡംബരമായി മാറിയിരിക്കുന്നു ചെന്നൈയിലെ ജനതയ്ക്ക്.
ഒരു കുപ്പി വെള്ളത്തിന്‍റെ വില നാലിരട്ടിയോളം വര്‍ദ്ധിച്ചിരിക്കുന്നു. ഒരു മധ്യവര്‍ഗ കുടുംബത്തെ സംബന്ധിച്ച് ഇത് വലിയ പ്രശ്നം തന്നെയാണ്. ഐടി കമ്പനികള്‍ തങ്ങളുടെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിക്കുന്നു. ജയലളിതയുടെ സ്വപ്ന പദ്ധതി ‘അമ്മ’ ക്യാന്‍റീനുകള്‍ അടക്കം ഭക്ഷണശാലകള്‍ പൂട്ടുന്നു. ചെന്നൈ നഗരത്തില്‍ ‘വെള്ളം സൂക്ഷിച്ച് ഉപയോഗിക്കുക’, ജലം അമൂല്യമാണ് തുടങ്ങിയ സ്റ്റിക്കറും പോസ്റ്ററുകളും നിറയുന്നു.
എങ്ങനെയാണ് ചെന്നൈയ്ക്ക് വെള്ളം കിട്ടാക്കനിയായത്
മൂന്ന് നദികളാണ് ചെന്നൈയില്‍ കൂടി ഒഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നത്. കൂവം, അഡയാര്‍, കൊസത്തലയാര്‍. ബക്കിംഗ്ഹാം കനാല്‍ ഈ മൂന്ന് നദികളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. വടക്കന്‍ ചെന്നൈയില്‍ പ്രധാനമായും ജലം കിട്ടുന്നത് താമരെപക്കം ജലസംഭരണിയില്‍ നിന്ന് മിന്‍ജൂര്‍ ഡിസ്ലെഷന്‍ പ്ലാന്‍റില്‍ നിന്നാണ്. തെക്കന്‍ ചെന്നൈയ്ക്ക് വെള്ളം എത്തുന്നത് വീരാണം തടാകത്തില്‍ നിന്നും നീമല്ലി കടല്‍ജല ശുദ്ധികരണ പ്ലാന്‍റില്‍ നിന്നുമാണ്.
ജല സമൃദ്ധമായ ഒരു മെട്രോപോളിറ്റന്‍ സിറ്റിയായിരുന്നു രണ്ട് പതിറ്റാണ്ട് മുന്‍പുവരെ ചെന്നൈ. അതിന് മാര്‍ഗം തെളിച്ചത് തമിഴ്നാട്ടിലെ കാലങ്ങള്‍ പഴക്കമുള്ള ജല സംരക്ഷണ രീതികളാണ്. ചെന്നൈയില്‍ രണ്ട് ഡസനോളം ജലസ്രോതസുകള്‍ ഉണ്ടായിരുന്നു. നദികളും, ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ബക്കിംഗ്ഹാം കനാലും ഒക്കെ ഇതില്‍പ്പെടും. ഇപ്പോള്‍ അത് ചുരുങ്ങി ഒരു ഡസന്‍റെ പകുതിയോളമായി.
അണ്ണാ യൂണിവേഴ്സിറ്റി നടത്തിയ പഠനം പ്രകാരം ചെന്നൈയ്ക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ മാത്രം 33 ശതമാനം തണ്ണീര്‍ത്തടങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ചെന്നൈയ്ക്ക് സമീപം മാത്രം 24 ശതമാനം കാര്‍ഷിക നിലങ്ങള്‍ ഇല്ലാതായി. ഇത് ഭൂഗര്‍ഭ ജല നിലയെ സാരമായി ബാധിച്ചു.
സെന്‍ട്രല്‍ ഓഫ് ക്ലൈമറ്റ് ചെയ്ഞ്ച് നടത്തിയ പഠനത്തില്‍ ഇതിന് കുറ്റം കണ്ടെത്തുന്നത് വികസന പ്രവര്‍ത്തനങ്ങളെയാണ്. റോഡുകള്‍, ഫ്ലൈ ഓവര്‍, വിമാനതാവള വികസനം എല്ലാം ബാധിച്ചത് ചെന്നൈയുടെ ജലസ്രോതസുകളെയാണ്. ചെറിയ ചില വെള്ള തുരുത്തുകള്‍ അവശേഷിപ്പിച്ച് മൂന്ന് നദികളും ബക്കിംഗ്ഹാം കനാലും പൂര്‍ണ്ണമായും വറ്റി. ഒരു കാലത്ത് തണ്ണീര്‍ത്തടങ്ങളായിരുന്നു പള്ളിക്കരണ, പുള്ളിക്കാട്ട് തടാകം, കാട്ടുപ്പള്ളി ദ്വീപ്, മദാവാരം, മണാലി ഹീല്‍സ്, ആഡയാര്‍ എന്നിവിടങ്ങള്‍ എല്ലാം കൈയ്യേറപ്പെടുകയോ, വാസസ്ഥലങ്ങളായി മാറുകയോ ചെയ്തു.
വള്ളുവര്‍ കോട്ടം എന്ന വിരോധാഭാസം
ഈ പ്രതിസന്ധിയുടെ കഥ ആരംഭിക്കുന്നത് അങ്ങ് 1970ലാണ്. തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്ന പ്രചീന തമിഴ് കവി തിരുവള്ളുവര്‍ ഇപ്പോള്‍ നില്‍ക്കുന്നത് ഈ ജലപ്രതിസന്ധിയുടെ പ്രതീകമായാണ്. തമിഴ്നാട് ജലവിതരണ ഡ്രൈനേജ് ബോര്‍ഡിന്‍റെ ലോഗോയില്‍ ഇപ്പോഴും തിരുവള്ളുവരിന്‍റെ സ്മാരകം തിരുവള്ളുവര്‍ കോട്ടത്തിന്‍റെ സാന്നിധ്യം കാണാം. ജലത്തിന്‍റെയും ജല സംരക്ഷണത്തിന്‍റെയും പ്രധാന്യം വ്യക്തമാക്കാനാണ് അത്.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ മഴയുടെ നിലനില്‍പ്പാണ് ലോകത്തിന്‍റെ സംരക്ഷണം എന്ന് പറഞ്ഞ വ്യക്തിയാണ് അദ്ദേഹം. അത് തന്നെയാണ് അദ്ദേഹത്തിന്‍റെ പ്രധാന്യവും. എന്നാല്‍ ചെന്നൈയിലെ ഒരു ശുദ്ധജല സ്രോതസായ ന്യുനഗംബക്കം തടാകം നികത്തിയാണ് തമിഴ്നാട് സര്‍ക്കാര്‍ ഇദ്ദേഹത്തിന്‍റെ സ്മാരകമായി വള്ളുവര്‍ കോട്ടം പണിതത്. ചെന്നൈ എങ്ങനെ ജലമില്ല നഗരമായി എന്ന കഥയിലെ കേന്ദ്രമായി ഇന്നും ഈ സ്മാരകം നിലനില്‍ക്കുന്നു.
ചെന്നൈയിലെ നാല് ജലസംഭരണികള്‍ ഏതാണ്ട് അതിന്‍റെ സംഭരണ ശേഷിയുടെ വെറും ഒരു ശതമാനം മാത്രമാണ് ജലം വഹിക്കുന്നത്. അതിനാല്‍ നല്ല കാലവര്‍ഷം ലഭിച്ചില്ലെങ്കില്‍ ചെന്നൈയെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ജല ദൗര്‍ലഭ്യത്തിന്‍റെ നാളുകളായിരിക്കും.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button