മഴ മഹോത്സവം: ആവേശമായി സൈക്ലിങ് മത്സരം

കല്പറ്റ: വയനാടന്‍ ടൂറിസത്തില്‍ പ്രതീക്ഷയുടെ പുതിയ ചുവടുവെപ്പുമായി മഴ മഹോത്സവം അഞ്ചാംദിവസം പിന്നിട്ടു. മൗണ്ടെയ്ന്‍ സൈക്ലിങ്ങും വേറിട്ട അനുഭവമായി. മത്സരത്തില്‍ പത്തു ദേശീയ താരങ്ങള്‍ ഉള്‍െപ്പടെ അന്‍പതോളം പേരാണ് പങ്കെടുത്തത്.

 

വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ കേരള ടൂറിസം, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് മൗണ്ടെയ്ന്‍ സൈക്ലിങ്ങും ഒരുക്കിയത്. സംസ്ഥാന-ജില്ലാ സൈക്ലിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രശസ്തരായ സൈക്ലിങ് താരങ്ങളുടെ പങ്കാളിത്തം മത്സരത്തെ മികവുറ്റതാക്കി.

 

ഒന്നരക്കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാക്കിലായിരുന്നു താരങ്ങളുടെ കുതിപ്പ്. സീനിയര്‍ വിഭാഗത്തില്‍ 12 ലാപ്പും ജൂനിയര്‍ വിഭാഗത്തില്‍ 10 ലാപ്പും സൈക്കിള്‍ ചവിട്ടിയാണ് ഓരോരുത്തരും മത്സരം അവസാനിപ്പിച്ചത്.

 

വിഷ്ണു മനോജും കിരണ്‍ കണ്ണനും ജേതാക്കള്‍

 

സീനിയര്‍ വിഭാഗത്തില്‍ ഇടുക്കിയില്‍ നിന്നുള്ള ദേശീയതാരം വിഷ്ണു മനോജും ജൂനിയര്‍ വിഭാഗത്തില്‍ കിരണ്‍ കണ്ണനും കിരീടം സ്വന്തമാക്കി. തിരുവനന്തപുരം സ്വദേശി ആഷിം സീനിയര്‍ വിഭാഗത്തില്‍ രണ്ടാംസ്ഥാനവും ഇടുക്കി സ്വദേശി ഉന്‍സാം നാസര്‍ മൂന്നാംസ്ഥാനവും നേടി.

 

ജൂനിയര്‍ വിഭാഗത്തില്‍ തിരുവനന്തപുരം സ്വദേശികളായ അഭിനന്ദു രണ്ടാംസ്ഥാനവും ആര്‍.ജെ. സുജിത്ത് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വിജയികളായവര്‍ക്ക് ട്രോഫിയും 5000, 3000, 1500 എന്നിങ്ങനെ ക്യാഷ് പ്രൈസും നല്‍കി. ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു സമ്മാനം നല്‍കി.

 

കല്പറ്റയ്ക്കടുത്ത് പുല്‍പ്പാറയില്‍ ബുധനാഴ്ച രാവിലെ ഒമ്പതുമണിക്കാണ് മത്സരം ആരംഭിച്ചത്. കല്പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലിം കടവന്‍ അധ്യക്ഷത വഹിച്ചു.

 

ജില്ലാ സൈക്ലിങ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.എച്ച്. അബ്ദുള്‍ സത്താര്‍, സെക്രട്ടറി സുബൈര്‍ ഇളകുളം, സ്പ്ലാഷ് കോ-ഓര്‍ഡിനേറ്റര്‍ ബിജു തോമസ്, ഡി.ടി.പി.സി. മാനേജര്‍ രതീഷ് ബാബു, എന്‍.സി. സാജിദ്, സൈക്ലിങ് അസോസിയേഷന്‍ ജോയന്റ് സെക്രട്ടറി എല്‍.എ. സോളമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments

COMMENTS

error: Content is protected !!