ചെറുപുഴ വൃത്തിയാക്കൽ; 5000 സന്നദ്ധ പ്രവർത്തകർ രംഗത്തിറങ്ങും

പേരാമ്പ്ര : കടിയങ്ങാട് ചെറുപുഴയുടെ വീണ്ടെടുപ്പിനും പരിപാലനത്തിനും 501 അംഗ ബഹുജന കമ്മിറ്റിക്ക് രൂപം നൽകി. ചങ്ങരോത്ത് പര്യായി കോവുപ്പുറം മുതൽ കല്ലൂർമൂഴി വരെയുള്ള അഞ്ചര കിലോമീറ്ററാണ് മാലിന്യങ്ങൾ നീക്കി കുളിക്കടവുകളും മറ്റുമൊരുക്കി സംരക്ഷിക്കുന്നത്. ദേശീയ ജലദിനമായ മാർച്ച് 22-ന് അയ്യായിരം സന്നദ്ധ പ്രവർത്തകരെ രംഗത്തിറക്കി പുഴ വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കും.

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് നേതൃത്വം നൽകുന്ന പദ്ധതി കുടുംബശ്രീയുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും പിന്തുണയോടെയാണ് നടപ്പാക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയാണ് ജനകീയ കമ്മിറ്റിയുടെ ചെയർമാൻ. പഞ്ചായത്ത് വികസന ആസൂത്രണസമിതി ഉപാധ്യക്ഷൻ കെ വി കുഞ്ഞിക്കണ്ണനാണ് ജനറൽ കൺവീനർ. മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ് പി കുഞ്ഞമ്മതിനെ ട്രഷററായും തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

കടിയങ്ങാട് പാലത്തിനടുത്ത് പഞ്ചായത്ത് ഗ്രൗണ്ടിൽ ചേർന്ന ബഹുജന സംഗമം ജില്ലാ കലക്ടർ ഡോ. നരസിംഹുഗുരി ടി എൻ റെഡ്ഡി ഉദ്ഘാടനം ചെയ്തു. ഉണ്ണി വേങ്ങേരി അധ്യക്ഷനായി. പ്രവർത്തന പരിപാടികൾ കെ വി കുഞ്ഞിക്കണ്ണൻ വിശദീകരിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ-ഓഡിനേറ്റർ പ്രകാശ് കോടഞ്ചേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം വഹീദ പാറേമ്മൽ , എസ് പി കുഞ്ഞമ്മദ്, ജി രവി എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ കെ മുബഷിറ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ഐ അനിതകുമാരി നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!