DISTRICT NEWS

ചെറു ധാന്യങ്ങളുടെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന മില്ലറ്റ് മിഷൻ കേരളയുടെ കോഴിക്കോട് ജില്ലാ കൺവെൻഷൻ പേരാമ്പ്ര ദാറുന്നജൂം ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്നു

പേരാമ്പ്ര: ചെറു ധാന്യങ്ങളുടെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന മില്ലറ്റ് മിഷൻ കേരളയുടെ കോഴിക്കോട് ജില്ലാ കൺവെൻഷൻ പേരാമ്പ്ര ദാറുന്നജൂം ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്നു. കൺവെൻഷൻ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ പി ബാബു ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങളിൽ നിന്നും രക്ഷനേടാൻ മലയാളിയുടെ ഭക്ഷണശീലങ്ങൾ മാറേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. സംസ്ഥാന കോർഡിനേറ്റർ ദീപാലയം ധനപാലൻ “അറിയാം ചെറു ധാന്യങ്ങളെ” എന്ന വിഷയത്തിലും ജസീല റൗഫ് “ഒരുക്കാം ചെറു ധാന്യ വിഭവങ്ങൾ” എന്ന വിഷയത്തിലും ക്ലാസുകൾ എടുത്തു.

ബാലകൃഷ്ണൻ ചേനോളി മില്ലറ്റ് കർഷകന്റെ അനുഭവം വിവരിച്ചു. സംസ്ഥാന കോർ കമ്മിറ്റി അംഗം ഡോ. കെ വി മുഹമ്മദ് കുഞ്ഞി, സെഡ് എ സൽമാൻ, ഉണ്ണികൃഷ്ണൻ പേരാമ്പ്ര തുടങ്ങിയവർ സംസാരിച്ചു. നേരത്തെ ചെറു ധാന്യങ്ങളുടെയും ചെറു ധാന്യ വിഭവങ്ങളുടെയും പ്രദർശനവും വില്പനയും ഉണ്ടായിരുന്നു. പങ്കെടുത്ത മുഴുവൻ പേർക്കും മില്ലറ്റ് വിഭവങ്ങൾ കഴിക്കാൻ നൽകി.


ഭാരവാഹികളായി വടയക്കണ്ടി നാരായണൻ (പ്രസിഡണ്ട്), ബേബി ഗീത, എ വി അംബുജാക്ഷൻ, ഡോ. സനിൽകുമാർ (വൈസ് പ്രസിഡൻറ് മാർ), സെഡ് എ സൽമാൻ (സെക്രട്ടറി), ഉണ്ണികൃഷ്ണൻ പേരാമ്പ്ര, ജസീല റൗഫ് (ജോയിൻറ് സെക്രട്ടറിമാർ) സനീഷ് കുമാർ (ട്രഷറർ) എന്നിവരെയും 15 അംഗ നിർവാഹക സമിതിയെയും തെരഞ്ഞെടുത്തു. 30, 31 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ഡോ. ഖാദർ വാലി സംബന്ധിക്കുന്ന മില്ലറ്റിനെ കുറിച്ചുള്ള പരിപാടിയിൽ ജില്ലയിൽ നിന്നും 10 പ്രതിനിധികൾ പങ്കെടുക്കാനും തീരുമാനിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button