ന്യൂനമർദം : കടലില്‍ പോകാന്‍ പാടില്ല

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ വെള്ളിയാഴ്ച (മെയ് 14 )യോടു കൂടി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും  കൂടുതല്‍ ശക്തി പ്രാപിച്ച് ഇത്   ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  കടലില്‍ മോശമായ കാലാവസ്ഥക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്നുള്ള മല്‍സ്യ ബന്ധനം  വെള്ളി മുതല്‍ മറിച്ചൊരു അറിയിപ്പുണ്ടാകുന്നതുവരെ പൂര്‍ണമായും നിരോധിച്ചു.

നിലവില്‍ ആഴക്കടലില്‍ മത്സ്യ ബന്ധനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ വെള്ളിയാഴ്ചയ്ക്കു മുന്നേ  അടുത്തുള്ള സുരക്ഷിത തീരത്തെത്തണം.  ആഴക്കടലില്‍ മത്സ്യ ബന്ധനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന തൊഴിലാളികളിലേക്ക് ഈ വിവരം എത്തിക്കാന്‍ വേണ്ട നടപടികള്‍ ഉടനടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവരോട്  ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും  രൂപീകരണ ഘട്ടത്തില്‍ ശക്തമായ കടലാക്രമണവും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇവ മുന്നില്‍ കണ്ടു കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

Comments

COMMENTS

error: Content is protected !!