ചെറു ധാന്യങ്ങളുടെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന മില്ലറ്റ് മിഷൻ കേരളയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മില്ലറ്റ് കൃഷി ആരംഭിക്കുന്നു

കൊയിലാണ്ടി: ചെറു ധാന്യങ്ങളുടെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന മില്ലറ്റ് മിഷൻ കേരളയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മില്ലറ്റ് കൃഷി ആരംഭിക്കുന്നു. ഇവിടങ്ങളിൽ രൂപീകരിക്കുന്ന കർഷക കൂട്ടായ്മകളാണ് കൃഷിവകുപ്പിന്റെ സഹായത്തോടെ കൃഷി ചെയ്യുക. ആവശ്യമായ വിത്തുകൾ മറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ സംഘടന ലഭ്യമാക്കും. ഒക്ടോബറിൽ വിത്തിടുന്ന രീതിയിലാണ് കാര്യങ്ങൾ ക്രമീകരിക്കുന്നത്.

ഇതിനായി ജില്ലയിലെ നാല് താലൂക്ക് തലങ്ങളിലും കൺവെൻഷനുകൾ വിളിച്ചു ചേർക്കുന്നു. കൊയിലാണ്ടി താലൂക്ക് കൺവെൻഷൻ 2023 ഓഗസ്റ്റ് 12 ശനി ഉച്ചയ്ക്ക് 11 മണി മുതൽ കൊയിലാണ്ടി അലയൻസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടക്കും. 11 മണി മുതൽ 2 മണി വരെ മില്ലറ്റ് കളുടെയും മില്ലറ്റ് വിഭവങ്ങളുടെയും പ്രദർശനവും വിൽപ്പനയും ആണ്.

രണ്ടുമണിക്ക് നടക്കുന്ന കൺവെൻഷൻ കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും. മില്ലറ്റ് മിഷൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷനാവും. “മില്ലറ്റും മില്ലറ്റ് കൃഷിയും” എന്ന വിഷയത്തിൽ ജില്ലാ ഭാരവാഹി ഉണ്ണികൃഷ്ണൻ പേരാമ്പ്ര ക്ലാസ് എടുക്കും. ചെറുധാന്യത്തെക്കുറിച്ച് കൂടുതൽ അറിയാനും അവ കൃഷി ചെയ്യാനും പഠിപ്പിക്കുന്ന ക്ലാസ് ആണ് ഇത്. കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് ചെറുധാന്യ വിഭവങ്ങൾ കഴിക്കാൻ നൽകും. ഐക്യരാഷ്ട്രസഭ 2023 അന്താരാഷ്ട്ര ചെറു ധാന്യ വർഷമായി ആചരിക്കുന്നുണ്ട്. വളരെ കുറഞ്ഞ കാലം കൊണ്ട്, എളുപ്പത്തിൽ, ഏറ്റവും കുറവ് ജലം ഉപയോഗിച്ചു ചെയ്യാൻ പറ്റുന്ന കൃഷിയാണ് ചെറു ധാന്യങ്ങളുടേത്.

അരിയിൽ നിന്നും ഗോതമ്പിൽ നിന്നും വ്യത്യസ്തമായി ചെറു ധാന്യങ്ങൾ വയറ്റിൽ എത്തിയാൽ രക്തത്തിലേക്ക് ഗ്ലൂക്കോസിനേ കടത്തിവിടുന്നത് വളരെ സാവധാനത്തിൽ ആണ് (ഗ്ലൈസമിക് ഇൻഡക്സ് കുറവാണ്.) നാരുകൾ, ജീവകങ്ങൾ, ധാതുലവണങ്ങൾ ഇവയുടെ കലവറകളാണ് ചെറു ധാന്യങ്ങൾ. ഇവയൊക്കെ കൊണ്ടുതന്നെ പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങൾ വരാതിരിക്കാനും ഉള്ളവർക്ക് നിയന്ത്രിക്കാനും ചെറു ധാന്യങ്ങൾ ഉപകരിക്കും.
അതുകൊണ്ടുതന്നെ കേരളം പോലെ ഭൂരിപക്ഷം ആളുകൾക്കും ജീവിതശൈലി രോഗങ്ങൾ ഉള്ള ഒരു നാട്ടിൽ ചെറു ധാന്യങ്ങളുടെ പ്രചാരണം വളരെ പ്രധാനമാണ്. ആ ദൗത്യമാണ് മില്ലറ്റ് മിഷൻ കേരള ഏറ്റെടുത്ത് നടത്തുന്നത്.

Comments

COMMENTS

error: Content is protected !!