ചോരചീറ്റാതിരിക്കാന്‍ മൃതദേഹം ഫ്രീസ് ചെയ്തു, സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് അറത്തുമുറിച്ചു

കോഴിക്കോട്: കടല്‍ത്തീരത്ത് നിന്നു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് പണത്തോടുള്ള ആർത്തി. ആദ്യം അമ്മയെ കൊലപ്പെടുത്തി, അമ്മയെ കൊലപ്പെടുത്തുന്നതിനായി തന്നെ സഹായിച്ച ഇസ്മയിലിനെ രണ്ടാമത് കൊലപ്പെടുത്തി. കൊലപാതക സഹായിയെ കൊലപ്പെടുത്തിയ കേസുകള്‍ കേരളത്തില്‍ അത്യപൂര്‍വമെന്നാണ് സംഭവത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി പറഞ്ഞത്. സിനിമാക്കഥയെ വെല്ലുന്നതാണ് ഈ കേസിന്റെ വിശദാംശങ്ങള്‍

 

രണ്ടുവര്‍ഷം മുമ്പാണ് കോഴിക്കോടിന്റെ വിവിധഭാഗങ്ങളില്‍നിന്നായി വ്യത്യസ്ത ദിവസങ്ങളില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. 2017 ജൂണ്‍ 28-ന് കൈതവളപ്പ് കടല്‍ത്തീരത്ത് ഒരു കൈയും ദിവസങ്ങള്‍ക്ക് ശേഷം ചാലിയം തീരത്ത് നിന്ന് രണ്ടാമത്തെ കൈയ്യും കിട്ടിയിരുന്നു.  ജൂലായ് ആറിന് അഗസ്ത്യമുഴി ഭാഗത്ത് നിന്ന് ഉടല്‍ഭാഗവും കണ്ടെത്തി. ഓഗസ്റ്റ് 13-നാണ് ചാലിയം തീരത്ത് നിന്ന് തലയോട്ടി കണ്ടെടുത്തത്. ഇതിനുപിന്നാലെയാണ് പോലീസ് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. മുക്കം സ്വദേശിയായ ബിര്‍ജുവിനെ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുന്നത് ഏതാനും ദിവസം മുമ്പാണ് . രണ്ട് കൊലപാതകങ്ങളുടെയും കുറ്റം ഏറ്റുപറഞ്ഞതോടെ വ്യാഴാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.  ബിർജുവിന്റെ സുഹൃത്തായ ഇസ്മയിലിനെയാണ് കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് നിരവധി ചാക്കുകളിലാക്കി ഉപേക്ഷിച്ചത്.

 

ആദ്യം അമ്മയെ, പിന്നെ സഹായിയെ

 

കേസിലെ പ്രതി ബിര്‍ജുവിന്റെ പിതാവ് മുക്കത്തെ ഭൂവുടമയായിരുന്നു. ഇദ്ദേഹത്തിന്റെ മരണശേഷം ബിര്‍ജുവിനും സഹോദരനും സ്വത്തുക്കള്‍ നല്‍കിയെങ്കിലും ബിര്‍ജു അതെല്ലാം ധൂര്‍ത്തടിച്ചു. ഇതിനിടെ മാതാവായ ജയവല്ലിയിൽ നിന്ന് ബിര്‍ജു പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ്  അമ്മയെ കൊലപ്പെടുത്താന്‍ ഇസ്മായിലിനെ ഏര്‍പ്പാടാക്കുന്നത്. ഇസ്മയിലിന് ഒറ്റയ്ക്കു കൊല നടത്താൻ കഴിയാതെ വന്നപ്പോൾ ഒരു ദിവസം രാത്രി ഉറങ്ങുന്നതിനിടെ ശ്വാസംമുട്ടിച്ച് ഇരുവരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സാരിയില്‍ കെട്ടിത്തൂക്കി, സംഭവം ആത്മഹത്യയാണെന്ന് പോലീസിനോട് പറയുകയും ചെയ്തു.

 

കൊലപാതകത്തിന് കൂട്ടുനിന്നതിന്റെ പേരില്‍ പത്ത് ലക്ഷം രൂപ കേസിലെ പ്രതിയായ ബിര്‍ജു ഇസ്മയിലിന് വാഗ്ദാനം ചെയ്തിരുന്നു. ഈ പണം ആവശ്യപ്പെട്ട് ഇസ്മയില്‍ എത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പണം ചോദിച്ചെത്തിയ ഇസ്മയിലിനെയും അമ്മയെ കൊലപ്പെടുത്തിയ അതേ വീട്ടില്‍ വെച്ച് തന്നെ കൊലപ്പെടുത്തുകയായിരുന്നു. ഇസ്മയില്‍ പണമാവശ്യപ്പെട്ടെത്തിയപ്പോള്‍ ഭക്ഷണവും മദ്യവും നല്‍കി . ഇസ്മയിൽ ഉറങ്ങിയ  ശേഷം കഴുത്തില്‍ ചരട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അമ്മയെ കൊലപ്പെടുത്തിയ അതേ കട്ടിലില്‍ കിടത്തിയാണ് ഇസ്മയിലിനേയും വകവരുത്തിയത്. കൊലപാതകത്തിനുശേഷം ദിവസങ്ങള്‍ക്കുള്ളില്‍ വീടും പറമ്പും വിറ്റ് ബിര്‍ജു തമിഴ്നാട്ടിലേക്ക് കടന്നു.
കൊലപാതകത്തിന് ശേഷം പുലര്‍ച്ചെ വരെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ചു. രാവിലെ എന്‍ഐടിക്ക് സമീപത്തെ കടകളിലെത്തി പ്ലാസ്റ്റിക് ചാക്കുകളും സര്‍ജിക്കല്‍ ബ്ലേഡുകളും വാങ്ങി. വീട്ടിലെത്തി ഇസ്മയിലിന്റെ മൃതദേഹം നിരവധി കഷ്ണങ്ങളായി വെട്ടിനുറുക്കി. കാട്ടുപന്നികളെ വേട്ടയാടി കൊന്ന് പരിചയമുള്ളതിനാലാണ് മൃതദേഹം അറുക്കുന്നതില്‍ ബിർജുവിന് ബുദ്ധിമുട്ട് തോന്നാതിരുന്നത്. കൈകളും തലയും ഛേദിച്ച് ഒരു പ്ലാസ്റ്റിക് ചാക്കിലും, കാലുകള്‍ മറ്റൊരു ചാക്കിലും, ഉടല്‍ മാത്രം മറ്റൊരു ചാക്കിലും രക്തവും ശേഷിക്കുന്ന അവശിഷ്ടങ്ങളും മറ്റൊരു ചാക്കിലും കെട്ടിവെച്ചു. വെട്ടിമുറിക്കുമ്പോള്‍ രക്തം ചീറ്റാതിരിക്കാന്‍ മൃതശശരീരം രാവിലെ വരെ ഫ്രീസ് ചെയ്തു. എന്നിട്ടും രക്തം ചിന്തിയെന്ന് ബിര്‍ജു പോലീസിന് മൊഴി നല്‍കി. തുടര്‍ന്ന് സ്വന്തം ബൈക്കിലാണ് ഓരോ ചാക്കുകളായി കടപ്പുറത്ത് ഉപേക്ഷിച്ചത്. ചാലിയാറിലാണ് കൈകള്‍ ഉപേക്ഷിച്ചത്. ചാലിയത്ത് നിന്നാണ് ഇത് കിട്ടിയത്.
ശരീരമുള്ള ചാക്ക് കോഴിമാലിന്യം ഇടുന്ന ബീച്ചിലെ ഭാഗത്താണ് നിക്ഷേപിച്ചത്. ബീച്ചില്‍ കോഴിമാലിന്യം നിക്ഷേപിച്ച സ്ഥലത്ത് നിന്നും ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാരുടെ കൂട്ടായ്മ ഈ ഭാഗം വൃത്തിയാക്കുന്നതിനിടെയാണ് വലിയ ചാക്കില്‍ മനുഷ്യന്റേതെന്ന് തോന്നുന്ന ശരീരം കണ്ടത്. ഇത് പോലീസിനെ അറിയിക്കുകയായിരുന്നു.
മറ്റ് പ്രതികളുണ്ടോ എന്ന് സംശയം
ബിര്‍ജുവും ഇസ്മയിലും ചേര്‍ന്നാണ് അമ്മ ജയവല്ലിയെ കൊലപ്പെടുത്തിയത്. ഇസ്മയിലിന്റെ കൊലപാതകം താന്‍ ഒറ്റയ്ക്ക് നടത്തിയെന്നാണ് ബിര്‍ജു പോലീസിന് നല്‍കിയത്. എന്നാല്‍ കൊലപാതകത്തില്‍ മറ്റാരുടെയെങ്കിലും പങ്കുണ്ടോ എന്ന് പോലീസ് സംശയിക്കുന്നു.
മൃതദേഹത്തില്‍ നിന്നും കൈകളും കാലുകളും അറുത്തുമാറ്റുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒറ്റയ്ക്ക് ഒരാള്‍ക്ക് ചെയ്യാന്‍ പറ്റുമോ എന്ന് സംശയം. അതിനാലാണ് മറ്റ് ആരുടെയെങ്കിലും പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നത്.
Comments

COMMENTS

error: Content is protected !!