ജനകീയമത്സ്യക്കൃഷിയിൽ ഉത്പാദിപ്പിക്കുന്ന മത്സ്യം വീടുകളിലേക്ക്

കക്കോടി : കൊറോണയുടെ പശ്ചാത്തലത്തിൽ നല്ല മത്സ്യം കിട്ടാതായതോടെ ജനകീയമത്സ്യക്കൃഷിയിൽ ഉത്പാദിപ്പിക്കുന്ന മത്സ്യം വിളവെടുത്ത് വീടുകളിലെത്തിച്ച് മാതൃകയാവുകയാണ് കർഷകർ.

 

പടുതാക്കുളത്തിലും കുളങ്ങളിലും ജലാശയങ്ങളിലും ക്വാറികളിലും ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യക്കൃഷി പദ്ധതിയിലുൾപ്പെടുത്തി ഉത്പാദനം നടത്തുന്ന മത്സ്യങ്ങളാണ് കർഷകർ തന്നെ നേരിട്ട് വീടുകളിലെത്തിക്കുന്നത്.

 

കട്‌ല, രോഹു, ഗ്രാസ്കാർപ്പ്, തിലോപ്പിയ, ആസാംവാള തുടങ്ങിയ ഇനങ്ങളാണ് എത്തിക്കുന്നത്. കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ മത്സ്യോത്പാദനവും വിപണനവുമായി ബന്ധപ്പെട്ട് പ്രത്യേക ഇളവുള്ളതിനാൽ പോലീസിൽനിന്ന്‌ ലഭിച്ച സ്പെഷ്യൽ പാസ് ഉപയോഗിച്ച് ഇരുചക്രവാഹനങ്ങളിലാണ് മത്സ്യവിതരണം. കിലോയ്ക്ക് മുന്നൂറ് രൂപ വിലവരുന്ന മത്സ്യങ്ങൾ 250 രൂപയ്ക്കാണ് വിൽപ്പന. കിഴക്കുംമുറി മാടത്തുപാറ കുളത്തിൽനിന്ന്‌ വിളവെടുത്ത മത്സ്യം വിൽപ്പന നടത്തി. പഞ്ചായത്തിലെ മാതൃകാ മത്സ്യക്കർഷകനായി തിരഞ്ഞെടുത്ത കിഴക്കുംമുറിയിലെ എം.പി. സശോഭാണ് നേതൃത്വം നൽകിയത്. ‌

 

ഒരുദിവസം നൂറ് കിലോഗ്രാം മത്സ്യമാണ് വിപണനം നടത്തിയത്‌. രണ്ട് കിലോ മീറ്റർ ദൂരപരിധിയിലാണ് വിപണനം നിശ്ചയിച്ചിരുന്നതെങ്കിലും മറ്റ് ഭാഗങ്ങളിൽ നിന്നുപോലും ആവശ്യക്കാർ ഏറെയായിരുന്നു. വരും ദിവസങ്ങളിലും വിൽപ്പന തുടരുമെന്ന് അക്വാകൾച്ചർ പ്രൊമോട്ടർ കെ.കെ. ദിനകരൻ അറിയിച്ചു.
Comments

COMMENTS

error: Content is protected !!