ജനങ്ങൾ നൽകിയ അവസരം ക്രിയാത്മകമായി ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി; പ്രതിപക്ഷ സ്വരം പ്രധാനപ്പെട്ടത്

പാര്‍ലമെന്‍റ് സമ്മേളനത്തിന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

ദില്ലി: ജനങ്ങൾ നൽകിയ അവസരം ക്രിയാത്മകമായി ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്‍റ് സമ്മേളനത്തിന്‍റെ ആദ്യ ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വലിയ ഭൂരിപക്ഷത്തോടെയാണ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. ജനങ്ങൾ അര്‍പ്പിച്ച വിശ്വാസം പൂര്‍ണ്ണമായും നിറവേറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തിന് പ്രതിപക്ഷത്തിന്‍റെ സ്വരം പ്രധാനമാണെന്നും നരേന്ദ്രമോദി പറഞ്ഞു,
മാധ്യമങ്ങളുടെ സഹകരണം പ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിനും ഇന്ന് തുടക്കമാകുകയാണ് .അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും നാളെയുമായി നടക്കും. ഈ സമ്മേളനത്തിൽ തന്നെ രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റും അവതരിപ്പിക്കും. പ്രോടേം സ്പീക്കറായ ഡോ. വീരേന്ദ്രകുമാര്‍ രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിലെത്തി ചുമതലയേറ്റു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. കാബിനറ്റ് മന്ത്രിമാരും പുറകെ സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. പ്രോടേംസ്പീക്കറെ സഹായിക്കാനുള്ള പാനലിലെ അംഗമായ കൊടിക്കുന്നിൽ സുരേഷ് ഉൾപ്പടെയുള്ളവര്‍ക്ക് ശേഷം അക്ഷരമാലാക്രമത്തിൽ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും.
543 അംഗങ്ങളിൽ 267 പേര്‍ ഇത്തവണ പുതുമുഖങ്ങളാണ്. 12 ശതമാനം 40 വയസ്സിന് താഴെയുള്ളവരാണ്. 16-ാം ലോക്സഭയിൽ 8 ശതമാനമായിരുന്നു 40 വയസ്സിന് താഴെയുള്ളവരുടെ എണ്ണം. കൂടുതൽ വനിത അംഗങ്ങൾ എത്തുന്നു എന്നതും 17-ാം ലോക്സഭയുടെ പ്രത്യേകതയാണ്. 78 വനിതകളാണ് ഈ ലോക്സഭയിലുള്ളത്. ഒന്നാം ലോക്സഭയിൽ ഒരു ശതമാനമായിരുന്നു വനിതാ പ്രാതിനിധ്യം. ഇത് 14 ശതമാനമായി കൂടിയിട്ടുണ്ട്.
Comments

COMMENTS

error: Content is protected !!