തുടർ ഭരണവുമായി പിണറായി വിജയൻ സർക്കാർ ചരിത്രം കുറിച്ചപ്പോൾ ചരിത്ര നേട്ടവുമായി കെ.കെ ശൈലജ ടീച്ചർ. നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ആരോഗ്യ മന്ത്രിയായിരുന്ന ശൈലജ ടീച്ചർ സ്വന്തമാക്കി. മട്ടന്നൂർ മണ്ഡലത്തിൽ 60,963 വോട്ട് ഭൂരിപക്ഷം നൽകിയാണ് വോട്ടർമാർ അവർക്ക് ജനവിധി നൽകിയത്. 90,129 വോട്ടുകൾ മൊത്തം നേടി.
2016 ൽ ആലത്തൂർ മണ്ഡലത്തിൽ മത്സരിച്ച എം ചന്ദൻ്റെ 47,671 ൻ്റെ റെക്കോഡാണ് അവർ മറികടന്നത്. ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച വനിത എന്ന സ്ഥാനവും കെ.കെ ശൈലജയ്ക്കാണ്. ആരോഗ്യ രംഗം ഏറ്റവും അധികം വെല്ലുവിളി നേരിട്ട കാലവും ഇവരുടെ കാലഘട്ടമാണ്. ലോകം മുഴുവൻ അറിയപ്പെട്ട കേരള ആരോഗ്യ മന്ത്രി എന്ന ബഹുമതിയും ആരോഗ്യ വകുപ്പിൻ്റെ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ അവർക്ക് നേടാനായി.
കഴിഞ്ഞ തിരഞ്ഞടുപ്പിൽ കൂത്തുപറമ്പിൽ 12,291 വോട്ടുകളായിരുന്നു ഇവരുടെ ഭൂരിപക്ഷം. മട്ടന്നൂരിൽ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഇ.പി ജയരാജന് 43381 ആയിരുന്നു. പിണറായി സർക്കാരിന് ലഭിച്ച ഭരണ അനുകൂല തരംഗത്തിൽ ഏറ്റവും വലിയ സംഭാവനയും ആരോഗ്യ മന്ത്രി കെ കെ ശൈലജയുടേതായിരുന്നു.