ജനശതാബ്ദിക്കും എൽഎച്ച്ബി കോച്ചുകൾ ലഭിക്കും

കൊച്ചി ∙ ജനശതാബ്ദി ട്രെയിനുകൾക്ക് ഒരു വർഷത്തിനുളളിൽ ആധുനിക എൽഎച്ച്ബി കോച്ചുകൾ നൽകാൻ റെയിൽവേ ബോർഡ് തീരുമാനം. ദക്ഷിണ റെയിൽവേയുടെ കീഴിലുളള 4 ജനശതാബ്ദി ട്രെയിനിന് ഇതിന്റെ പ്രയോജനം ലഭിക്കും. തിരുവനന്തപുരം – കോഴിക്കോട്, കണ്ണൂർ–തിരുവനന്തപുരം, കോയമ്പത്തൂർ–മയിലാടുതുറ, ചെന്നൈ–വിജയവാഡ ജനശതാബ്ദി ട്രെയിനുകൾക്കാണു പുതിയ കോച്ചുകൾ ലഭിക്കുക.

 

ഇവയുടെ പഴയ കോച്ചുകൾ മാറ്റണമെന്ന് ഏറെക്കാലമായി യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ റെയിൽവേ ഇപ്പോൾ പഴയ രീതിയിലുളള ജനശതാബ്ദി കോച്ചുകൾ നിർമിക്കുന്നില്ല. പകരം പുറത്തിറക്കുന്ന കൂടുതൽ സുരക്ഷിതമായ ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) കോച്ചുകളായിരിക്കും ജനശതാബ്ദി ട്രെയിനുകൾക്കും നൽകുക.

 

സ്ലീപ്പർ‍, എസി കോച്ചുകൾക്കു പുറമേ ഇന്റർസിറ്റി ട്രെയിനുകൾക്കുളള എൽഎച്ച്ബി കോച്ചുകളും ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) നിർമിച്ചു തുടങ്ങിയിട്ടുണ്ട്. ആദ്യ കോച്ചുകൾ മധുര–ചെന്നൈ വൈഗൈ എക്സ്പ്രസിന് അനുവദിച്ചു. അടുത്തതായി തിരുവനന്തപുരം – ഷൊർണൂർ വേണാടിനാണ് എൽഎച്ച്ബി കോച്ചുകൾ ലഭിക്കുക.

 

കേരളത്തിൽനിന്നുളള ദീർ‍ഘദൂര ട്രെയിനുകളിൽ തിരുവനന്തപുരം–ലോകമാന്യതിലക് നേത്രാവതി, തിരുവനന്തപുരം– വെരാവൽ എക്സ്പ്രസ് എന്നിവയ്ക്കാണ് അടുത്ത അലോട്മെന്റിൽ എൽഎച്ച്ബി റേക്കുകൾ ലഭിക്കാനുളളത്.
Comments

COMMENTS

error: Content is protected !!