ജനാധിപത്യ വേദിയുടെ സ്ഥാപകനും ആക്ടിവിസ്റ്റും നാടകപ്രവർത്തകനുമായ കെ എസ് ബിമലിനെ കോഴിക്കോട് നഗരം അനുസ്മരിക്കുന്നു 

കോഴിക്കോട്: നഗരത്തിൽ കെ എസ് ബിമലിനെ അനുസ്മരിക്കുന്നതിന് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നതായി ജനാധിപത്യവേദി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. ‘ഇന്ത്യൻ ജനാധിപത്യത്തിന്റെ വർത്തമാനം’ എന്ന് നാമകരണം ചെയ്ത പരിപാടി, ജുലൈ 11ന് തിങ്കളാഴ്ച കോഴിക്കോട് ടൗൺഹാളിൽ വിവിധ പരിപാടികളോടെ നടക്കും.

വൈകീട്ട് നടക്കുന്ന ജനാധിപത്യ സംഗമം തമിഴ്നാട്ടിൽ നിന്നുള്ള പ്രമുഖ ആക്ടിവിസ്റ്റ് പ്രൊഫ. കല്യാണി ഉദ്ഘാടനം ചെയ്യും. തീവ്ര മാർക്സിസ്റ്റ് സംഘടനകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീട് തമിഴ്നാട്ടിലെ ഇരുള സമുദായം അനുഭവിക്കുന്ന അടിമ ജീവിതത്തെ മനസ്സിലാക്കുകയും അവരിലൊരാളായി അവർക്കിടയിൽ ജീവിച്ച് അവർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്തു. ഇരുളർക്ക് ഭൂമിയും വീടും തൊഴിലും വിദ്യാഭ്യാസവുമൊക്കെ ഉണ്ടാക്കി കൊടുക്കുന്നതിന് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വിജയത്തിലെത്തിച്ച ആക്ടിവിസ്റ്റാണദ്ദേഹം. കേരളമുൾപ്പെടെ തെന്നിന്ത്യയിലാകെ ശ്രദ്ധേയമായ ജെയ്ഭീം, സിനിമയുടെ പ്രമേയമായി വന്നത്, പ്രൊഫ: കല്യാണിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളാണ്. ജസ്റ്റിസ് ചന്ദ്രുവിന്റെ സഹപ്രവർത്തകനാണ് കല്യാണി. ഇദ്ദേഹത്തോടൊപ്പം സി പി ഐ നേതാവ് സി എൻ ചന്ദ്രൻ, സണ്ണി എം കപിക്കാട്, ഡോ.കെ എസ് മാധവൻ, സ്മിത നെരവത്ത് എന്നിവരും പങ്കെടുക്കും. 

അന്ന് കാലത്ത് നടക്കുന്ന കാർണിവൽ ഓഫ് ഡിഫറൻസ്, എന്ന പരിപാടിയിൽ 
ജെന്റർ ആക്ടിവിസ്റ്റുകളായ അർച്ചന പത്മിനി, അഡ്വ. ജലജ മാധവൻ, എസ് മൃദുലാദേവി, ആദി, ദിനുവെയിൽ, അഡ്വ.സുധ ഹരിദ്വാർ(വിംഗ്സ്), അഡ്വ. നജ്മ തബ്‌ഷിറ, എം പ്രേമ, സ്മിത നെരവത്ത്, മജ്നി തിരുവങ്ങൂർ എന്നിവരും പങ്കെടുക്കും. വര മുഖിയുടെ നേതൃത്വത്തിലുള്ള ചിത്രകാരികളുടെ കൂട്ടായ്മയും ബിമൽ സ്മാരക കേമ്പസ് കവിതാ പുരസ്കാര സമർപ്പണവും ഇതോടനുബന്ധിച്ച് നടക്കുമെന്നും സംഘാടകർ അറിയിച്ചു.

Comments

COMMENTS

error: Content is protected !!