ഹർത്താൽ കൊയിലാണ്ടിയിൽ ഏറെക്കുറെ പൂർണ്ണം

 

എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി തുടങ്ങിയവയുടെ പിന്തുണയോടെ ഇന്ന് പ്രഖ്യാപിച്ച കേരളാ ഹർത്താൽ കൊയിലാണ്ടിയിൽ ഏറെക്കുറെ പൂർണ്ണം. വ്യാപാര സംഘടനകളും ബസ്സുടമസ്ഥ സംഘങ്ങളും ഹർത്താലിൽ നിന്ന് വിട്ടു നിൽക്കുമ്പോഴും,കടകമ്പോളങ്ങളൊന്നും തുറന്നു പ്രവർത്തിക്കുന്നില്ല. സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുന്നുമില്ല. കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തുന്നുണ്ട്. ഓട്ടോറിക്ഷകളും മറ്റു ടാക്സി സർവ്വീസുകളും പ്രവർത്തിക്കുന്നില്ല. സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഓടുന്നുണ്ട്. പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസ് സാന്നിദ്ധ്യമുണ്ട്. 10 മണിയോടെ ഓഫീസുകളും ബാങ്കുകളുമൊക്കെ തുറന്നിട്ടുണ്ടെങ്കിലും ഹാജർ പരിമിതമാണ്. വരും മണിക്കുറുകളിൽ ഇത് വർദ്ധിക്കും എന്നാണ് പ്രതീക്ഷ.

 

ഇന്ന് കാലത്ത് നടക്കേണ്ടിയിരുന്ന പി.എസ്.സി പരീക്ഷകൾ മുടക്കമില്ലാതെ നടന്നു. പരീക്ഷാർത്ഥികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിരുന്നില്ല.തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ പി.എസ്.സി.പരീക്ഷ എഴുതിയവരിൽ 4.5 %ന്റെ കുറവുണ്ട്.ഇത് പതിവുള്ളതാണ്. സ്കൂളുകളിൽ അർദ്ധവാർഷിക പരീക്ഷകൾ പതിവുപോലെ നടക്കുന്നു. വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും എണ്ണത്തിലും കാര്യമായ കുറവില്ല.ഹർത്താലനുകൂലികൾ കടയടക്കാനാഹ്വാനം ചെയ്തും മറ്റും നഗരത്തിൽ ചെറു പ്രകടനങ്ങളായി ചുറ്റിത്തിരിയുന്നുണ്ട്. കാലത്ത് ആറ് മണിയ്ക്ക് തന്നെ ഇത്തരം പ്രകടനങ്ങൾ ആരംഭിച്ചിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇന്നലെ (ഡിസ: 16)കൊയിലാണ്ടിയിൽ നിരവധി പ്രകടനങ്ങൾ നടന്നിരുന്നു. ഇവയിൽ തീ പന്തങ്ങളേന്തിയുള്ള പ്രകടനങ്ങളും ധാരാളം. വൈകീട്ട് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി റെയിൽവേ സ്റേറഷനിൽ തീവണ്ടി തടഞ്ഞവരെ പോലീസെത്തി അറസ്റ്റ് ചെയ്ത് മാറ്റി. അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ എവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Comments

COMMENTS

error: Content is protected !!