ദേശീയപാത വികസനം 2025 – ഓടെ പൂർത്തിയാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനം 2025 ഓടെ  പൂർത്തിയാകുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ പൊതുമരാമത്ത് റോഡുകളുടെ നിർമ്മാണ പുരോഗതി പരിശോധിക്കുന്നതിനിടെ സംസാരിക്കുകയായിരുന്നു റിയാസ്.

എല്ലാം ജില്ലകളിലേയും പൊതുമരാമത്ത് വകുപ്പിന് കീഴിലെ നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് പരിശോധിക്കാനാണ് തീരുമാനമെന്നും തിരുവനന്തപുരം ജില്ലയിൽ തുടങ്ങിയ മറ്റു ജില്ലകളിലും നേരിട്ടെത്തി നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. 
 
കേരളത്തിലെ ഏറ്റവും വലിയ ഫ്ളൈ ഓവറായ കഴക്കൂട്ടം പാലം കേരളപ്പിറവിയോട് അനുബന്ധിച്ച് തുറക്കും. മുക്കോല – തമിഴ്നാട് ദേശീയപാതയുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. മുക്കോല മുതൽ തമിഴ്നാട് അതിർത്തി വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്. രണ്ടാഴ്ച കൂടുമ്പോൾ പരിശോധന നടത്തും.

ഈഞ്ചക്കൽ ഫ്ളൈഓവർ 2024ൽ പൂർത്തിയാക്കും. അടുത്ത മാർച്ചിൽ ഫ്ളൈ ഓവറിൻ്റെ പണി തുടങ്ങും. തിരുവല്ലം പാതയിൽ അപകടങ്ങൾ തുടർച്ചയായി നടക്കുന്ന ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. പ്രശ്നം ഉള്ള ഇടങ്ങളിൽ അപകടങ്ങൾ കുറയ്ക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കും. ബൈക്ക് റേസിംഗ് അപകടങ്ങൾ നടന്ന സ്ഥലങ്ങളിലും പണി ഉടൻ പൂർത്തിയാക്കും. 

അതേസമയം നെടുമ്പാശേരിയിൽ റോഡിൽ കുഴിയിൽ വീണ ബൈക്ക് യാത്രികൻ വണ്ടിയിടിച്ച് മരിച്ച സംഭവത്തിൽ ദേശീയ പാതാ അതോറ്റിക്കെതിരെ രൂക്ഷവിമർശനവും വകുപ്പ് മന്ത്രി ഉന്നയിച്ചു. റോഡ് പരിപാലനത്തിൽ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ  നടപടിയെടുക്കാൻ ദേശീയപാതാ അതോറിറ്റിക്ക് പറ്റുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ദേശീയപാതാ അതോറിറ്റിക്ക് കീഴിലുള്ള റോഡിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് ഇടപെടാൻ സാധിക്കില്ല. എന്നാൽ ഈ വിഷയത്തെ വളരെ ഗൌരവത്തോടെ കാണുമെന്നും കർശന നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

Comments

COMMENTS

error: Content is protected !!