SPECIAL
ജാതിവെറി എന്നെ എന്നും വേട്ടയാടി: പാ രഞ്ജിത്
സിനിമയിൽ എന്തിനാണ‌് രാഷ്ട്രീയം എന്ന‌് ചോദിക്കുന്നവരുണ്ട‌്. എന്നാൽ, സിനിമയിലും ജീവിതത്തിലും രാഷ്ട്രീയം പറയാതെ നിവൃത്തിയില്ലെന്നാണ‌് തമിഴ‌് സംവിധായകൻ പാ. രഞ്ജിത് പറയുന്നത‌്. കോടമ്പാക്കത്തെ സിനിമാ പോസ‌്റ്ററുകൾ നിറഞ്ഞ ഓഫീസുകളിൽനിന്ന‌് വ്യത്യസ‌്തമായി പാ. രഞ്ജിത്തിന്റെ ചുമരുകൾ അലങ്കരിക്കുന്നത‌് അംബേദ‌്കറിന്റെയും പെരിയാറിന്റെയും മാർക‌്സിന്റെയും പുസ‌്തകങ്ങളാണ‌്.
താൻ ജീവിതത്തിൽനിന്ന‌് പഠിച്ചത‌് പകർത്താനുള്ള മാധ്യമമാണ‌് സിനിമയെന്ന‌് പാ. രഞ്ജിത‌് മനസ്സുതുറക്കുന്നു: കുട്ടിക്കാലംമുതൽ എല്ലായിടത്തും ജാതി പിന്തുടർന്നിട്ടുണ്ട‌്. ആഘോഷങ്ങളിലും ദുഃഖങ്ങളിലും അത‌് വിടാതെ പിന്തുടർന്നു. അതുകൊണ്ടുതന്നെ ഒരു സംവിധായകൻ എന്ന നിലയിൽ ജാതിയെക്കുറിച്ച‌് തന്നെയാണ‌് സംസാരിക്കുന്നത‌്. അതല്ലാതെ കലാപരമായ സംതൃപ‌്തിക്കായി സിനിമയെടുക്കാനാകില്ല. ദി ഹിന്ദുവിന‌് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമത്തിലെ മരമോ കിണറോ കാണുമ്പോൾ ചിലർക്ക‌് അവ സുന്ദരമായി തോന്നിയേക്കാം. അതൊന്നും തനിക്കുള്ളതല്ലെന്ന‌് സമൂഹം പറഞ്ഞ കാരണം അവ സുന്ദര വസ‌്തുക്കളായി തോന്നിയിട്ടില്ല.
ഒരു ദളിതനായതിനാൽ തനിക്ക‌് മരത്തിൽ കയറാനോ കിണറ്റിലെ വെള്ളം കുടിക്കാനോ അനുവാദം ഇല്ലായിരുന്നു. ഈ കഥകളാണ‌് താൻ സിനിമയിൽ പറയുന്നത‌്.
Comments